ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകം മുഴുവന്‍ ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തില്‍ രാഷ്ട്രത്തലവന്മാരും പ്രതികരണങ്ങള്‍ അറിയിച്ചു.
ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.
കെനിയന്‍ പ്രസിഡന്റ് വില്യം റുട്ടോ ഇതുവരെ സുനകിന്റെ പുതിയ ചുമതലയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ വംശജനായ സുനകിന്റെ പിതാവ് യശ്വീര്‍ സുനക് കെനിയയിലാണ് ജനിച്ചത്. ഇത്തരത്തില്‍ സുനകും കെനിയയും തമ്മില്‍ പരോക്ഷമായ ബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലും കെനിയന്‍ പ്രസിഡന്റ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 1930കളിലായിരുന്നു സുനകിന്റെ പൂര്‍വ്വീകര്‍ കെനിയയിലേക്ക് എത്തിയത്. പിന്നീട് കെനിയയില്‍ നിന്ന് 1960കളില്‍ യുകെയിലേക്ക് കുടിയേറുകയായിരുന്നു.
ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഇതായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം.
അയര്‍ലാന്‍ഡ് ഉള്‍പ്പെടെ ഈ ലോകത്തെ വിവിധ മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ സുനകിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്റെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ ഋഷി സുനക് നാമനിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചിരുന്നു. സുനകിന്റെ വരവ് ബ്രിട്ടന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.
സുനകിന്റെ കീഴില്‍ യുകെയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈന-യുകെ ബന്ധം ശരിയായ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകാമെന്നും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
അതേസമയം, യുകെയുമായുള്ള ബന്ധം സുനക്കിന്റെ കീഴില്‍ മെച്ചപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു റഷ്യ പ്രതികരിച്ചത്.
ഓസ്ട്രേലിയയുടെ നല്ലൊരു സുഹൃത്താണ് സുനക് എന്നായിരുന്നു ട്രഷറര്‍ ജിം ചാല്‍മേഴ്‌സ് വിശേഷിപ്പിച്ചത്.
Post Your Comments