Latest NewsIndiaInternational

സമ്മർദ്ദത്തിലായിരിക്കുമ്പോൾ രക്ഷ ഭഗവത്ഗീത, തന്റെ പാരമ്പര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഋഷി ബ്രിട്ടന്റെ രക്ഷകനാകുമ്പോൾ

ന്യൂഡൽഹി: പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ഋഷി സുനകിന്റെ കുടുംബം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്നാണ് സുനക് ബിരുദം കരസ്ഥമാക്കിയത്. ഐടി വ്യവസായ പ്രമുഖനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവും കൂടിയാണ് 42 കാരനായ ഋഷി സുനക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി ​ഭാര്യ അക്ഷത മൂർത്തിക്കൊപ്പം സുനക് ലണ്ടനിൽ ഗോപൂജ നടത്തിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഗോമാതാ പൂജയിലൂടെ തന്റെ ഹിന്ദു പാരമ്പര്യമാണ് ലോകത്തിനു മുന്നിൽ ഋഷി സുനക് അന്ന് വിളിച്ചുപറഞ്ഞത്. പൂജാരിയുടെ നിർദേശങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലായിരുന്നു. 2020 നവംബറിൽ, ധനകാര്യ മന്ത്രിയായിരിക്കെ ദീപാവലി ആഘോഷിച്ചതിന് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്ന് സുനക് പ്രശംസ നേടിയിരുന്നു. 11 ഡൗണിംഗ് സ്ട്രീറ്റിലെ ചാൻസലറുടെ ഔദ്യോഗിക വസതിയുടെ മുൻവശത്തെ പടിയിൽ വിളക്കുകൾ തെളിച്ചു കൊണ്ടാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.

2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. യോക്‌ഷെറിൽനിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയിൽ തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയനാണ് അദ്ദേഹം. സമ്മർദത്തിലായിരിക്കുമ്പോൾ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. ലിസ്‍ ട്രസ് രാജിവെച്ചതോടെയാണ് റിഷി സുനക് ബ്രിട്ടന്റെ നേതൃസ്ഥാനത്തേക്കെത്തിയത്. റിഷി സുനക്കിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. ആഗോള വിഷയങ്ങളിൽ ബ്രിട്ടനും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button