കാസർഗോഡ്: സിപിഐഎം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പാർട്ടി മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയുടെ മൗനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കടകംപളളി സുരേന്ദ്രനെതിരേയും, പി ശ്രീരാമകൃഷ്ണനെതിരേയും നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചതെന്നും, ഇതിൽ അന്വേഷണം നടന്നേ മതിയാകൂ എന്നും വി.ഡി സതീശൻ പറഞ്ഞു.
‘മുഖ്യമന്ത്രിക്കെതിരേയും അഴിമതി ആരോപണമുണ്ട്. ഇതിന് മുമ്പ് ഇത്തരം ആരോപണങ്ങളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല?. സ്വപ്നയുടെ വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്?’ വി.ഡി സതീശൻ ചോദിച്ചു.
അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ ഇട്ട് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നിയമവാഴ്ചയോട് ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവയെല്ലാം ഗുരുതരമായ കുറ്റമാണ്. നേരെത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുൻമുഖ്യമന്ത്രിക്കെതിരെ വരെ കേസെടുത്ത പിണറായി വിജയൻ എന്തുകൊണ്ടാണ് തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്ല്യരാണ്. നിരപാരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. അല്ലാതെ പാർട്ടിയല്ല അന്വേഷിക്കേണ്ടത്. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments