Latest NewsKeralaNews

’13 വർഷങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹം കഴിച്ച പുരുഷനാൽ ചതിക്കപ്പെട്ടവളാണ് ഞാൻ’: പാനൂർ കേസിൽ ശ്രീജ നെയ്യാറ്റിൻകര

പാനൂർ: കണ്ണൂരിൽ പ്രണയത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. ‘അവൾ തേച്ചതല്ലേ? അപ്പോൾ ഈ ശിക്ഷ ആവാം’ എന്ന് ഒരു സംശയവുമില്ലാതെ എഴുതി വിടുന്നവർക്കുള്ളിൽ ഒരു കൊലയാളി ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള തിരിച്ചറിവ് കൂടിയാണ് ഈ കൊലപാതകം. പ്രണയത്തിൽ നിന്നും പിന്മാറിയാൽ, ചതിക്കപ്പെട്ടാൽ കൊല്ലാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നവരോട് ‘ചതിക്കപ്പെട്ട്’ ജീവിക്കേണ്ടി വന്ന തന്റെ കഥ പറയുകയാണ് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര.

ചതിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോൾ അവന്റെ കൂടെയുള്ള ഫോട്ടോ എടുത്ത് തല്ലിപ്പൊട്ടിക്കുകയായിരുന്നു ആദ്യം ചെയ്തതെന്ന് ശ്രീജ പറയുന്നു. ചതിക്കിരയായി കഴിഞ്ഞിരിക്കുന്നു എന്ന് ഉറപ്പാകുന്ന നിമിഷം അവർ ആരായാലും അവരെ മനസ്സിൽ നിന്ന് ഇറക്കി വിടാൻ അധിക സമയമൊന്നും വേണ്ടെന്നും, എന്നാൽ അവരുണ്ടാക്കുന്ന മുറിവ് മരിക്കുവോളം നമുക്കുള്ളിലുണ്ടാകുമെന്നും ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രേമിച്ച് ചതിക്കപ്പെടുന്നതിനെ കുറിച്ചാണ് ചുറ്റും വർത്താനങ്ങൾ … ചതിക്കപ്പെട്ടാൽ കൊല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് പലരും പറയാതെ പറഞ്ഞു വയ്ക്കുന്നത് …. എന്തൊരു ചിന്താഗതിയാണ് മനുഷ്യരെ നയിക്കുന്നതെന്നറിയില്ല …
13 വർഷങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹം കഴിച്ച പുരുഷനാൽ ചതിക്കപ്പെട്ടവളാണ് ഞാൻ … ചതിക്കപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമായ നിമിഷത്തെ അതിജീവിക്കാൻ പെട്ട പാട് എഴുത്തിലൂടെ വിവരിക്കാനാകില്ല … അവനോട് ചേർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന എന്റെ ഒരു ഫോട്ടോ വീട്ടിലെ ടി വിക്ക് മുകളിൽ വച്ചിട്ടുണ്ടായിരുന്നു … ആ ഫോട്ടോയെടുത്ത് വലിച്ചെറിഞ്ഞു പൊട്ടിക്കുകയായിരുന്നു ആദ്യ പ്രതികരണം …. നിലത്തിരുന്ന് വാവിട്ടലറിക്കരഞ്ഞതും ഓർമ്മയുണ്ട് … പിന്നെന്തൊക്കെയോ അവന് വായിക്കാനായി എഴുതിക്കൂട്ടി എഴുതിയതൊക്കെ വെട്ടിയും തിരുത്തിയും വീണ്ടും വീണ്ടും എഴുതി ഒടുവിൽ കണ്ണീർ വീണ് നനഞ്ഞ പേപ്പറുകളെ കുനു കുനെ കീറിയെറിഞ്ഞു ….
മനസിനെ ശാന്തമാക്കാനൊടുവിൽ ഏത് പ്രതിസന്ധിയിലും അഭയം പ്രാപിക്കുന്ന പുഴക്കരയിലേക്കിറങ്ങിച്ചെന്നു … പുഴയോടാണ് സംസാരിച്ചതത്രയും … അവനോടുണ്ടായിരുന്ന പ്രേമമത്രയും ഉള്ളിൽ നിന്ന് അതിവേഗതയിൽ ഇല്ലാതെയാകുന്നത് അറിഞ്ഞു കൊണ്ടാണ് ഓഫീസിലായിരുന്ന അവനെ ഫോണിൽ വിളിച്ചത്.. അത്യാവശ്യമായി കുറച്ചു സംസാരിക്കാനുണ്ട് വൈകുന്നേരമൊന്ന് നേരത്തേ വരാമോ എന്ന് ചോദിച്ചു … നീ എറണാകുളം പോകുന്നില്ലേ എന്ന അവന്റെ മറു ചോദ്യം കേട്ടപ്പോഴാണ് യാത്രയെ കുറിച്ച് ഓർമ്മ വന്നത് പോലും … അന്ന് ഞാൻ ഏകതാ പരിഷത്തിലാണ് പിറ്റേന്ന് മീറ്റിംഗ് ഉണ്ട് എറണാകുളത്ത് … വൈകുന്നേരം പോകാൻ തീരുമാനിച്ചതാണ് ..ശരിയാണ് പോണം പോയി വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് ഫോൺ കട്ടാക്കിയത് …
എറണാകുളത്തേക്കുള്ള യാത്രയിൽ, മീറ്റിങ്ങിൽ, തിരിച്ചുള്ള യാത്രയിൽ ഒക്കെ ഞാൻ എന്നെ പാകപ്പെടുത്തുകയായിരുന്നു .. യാത്ര കഴിഞ്ഞു വന്ന ദിവസം രാവിലെയാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത് … കളവേല്പിക്കുന്ന അഥവാ സത്യസന്ധതയില്ലായ്മ എല്പിക്കുന്ന പ്രഹര ശേഷി അറിഞ്ഞ നിമിഷങ്ങൾ … പിരിയാനുള്ള തീരുമാനം എന്റേതായിരുന്നു … പിരിഞ്ഞ ദിവസം രാത്രി സുഖമായി, ഗാഡമായി ഉറങ്ങിയത് ഞാൻ ഇന്നുമോർക്കുന്നു ….
പിറ്റേന്നുണർന്നപ്പോൾ അത്ഭുതം തോന്നി അവനെ പിരിഞ്ഞു ജീവിക്കാനാകില്ലെന്ന് എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ടായിരുന്നില്ലേ എന്ന് ചിന്തിച്ചു നോക്കി .. എന്നിട്ടും ഒരസ്വസ്ഥതയുമില്ലാതെ ഉറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്ന് സ്വയം ചോദിച്ചു …
ചതിക്കിരയായി കഴിഞ്ഞിരിക്കുന്നു എന്ന് ഉറപ്പാകുന്ന നിമിഷം അവർ ആരായാലും അവരെ മനസ്സിൽ നിന്ന് ഇറക്കി വിടാൻ അധിക സമയമൊന്നും വേണ്ട … എന്നാൽ അവരുണ്ടാക്കുന്ന മുറിവ് മരിക്കുവോളം നമുക്കുള്ളിലുണ്ടാകും അത് നമ്മുടെ മാനസികാവസ്ഥയെ പല തരത്തിലും ബാധിക്കും … അപ്പോഴും നമ്മൾ അതിജീവിക്കും ..
13 വർഷങ്ങൾ പിന്നിടുന്നു .. പുഞ്ചിരിയോടെ ഞാൻ ജീവിക്കുന്നു ..
എന്തെല്ലാം അതിജീവിച്ചിരിക്കുന്നു …

shortlink

Related Articles

Post Your Comments

Related Articles


Back to top button