
കൊച്ചി: പാനൂർ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരിച്ച മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചും അപമാനിച്ചും സോഷ്യൽ മീഡിയ. സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും ഇല്ലാതാകണമെന്ന് പറഞ്ഞ മേയറെ അധിക്ഷേപിക്കുകയാണ് ചിലർ. ‘തേപ്പുകാരിയെന്നും, പണവും അധികാരവും പദവിയും കിട്ടുമ്പോൾ പാവപ്പെട്ട, സാധാരണക്കാരനായ കാമുകനെ ഉപേക്ഷിക്കലല്ല പ്രണയം, അത് ചതിയാണ്’ എന്ന് പഠിപ്പിക്കുകയാണ് സദാചാര ആങ്ങളമാർ.
ഒരു പ്രണയത്തിൽ തനിക്ക് യോജിച്ച ആൾ അല്ലെന്ന് തിരിച്ചറിവ് ഉണ്ടായാൽ ആ ബന്ധം വേണ്ടെന്ന് വെയ്ക്കാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഒരുപോലെയാണെന്നും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും ആര്യ രാജേന്ദ്രൻ പറയുന്നു. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകുമെന്ന് ചോദിച്ച ആര്യ, അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രമെന്നും ചൂണ്ടിക്കാട്ടുന്നു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ.
പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ അവൾ നേരിടേണ്ടി വരും.
അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം ബലത്തിൽ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാൻ സാമൂഹ്യമാധ്യമത്തിലൂടെ അവൾക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാർ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റേതെങ്കിലും ഒരു പെൺകുട്ടി ഇരയാവുക തന്നെ ചെയ്യും.
ജീവിതത്തിൽ “yes” എന്ന് മാത്രമല്ല “No” എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് “പ്രണയം”. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണം…
Post Your Comments