തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണമുന്നയിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയുടെ ആരോപണം ഗുരുതരമാണെന്നും, നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് മുൻ മന്ത്രിമാർ ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിമാർ ആയിരുന്ന കടകംപളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്നയുടെ ലൈംഗികാരോപണം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്വപ്നയുടെ ആരോപണം. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വെച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗിക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നുവെന്നും, കടകംപള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടി വന്നുവെന്നും സ്വപ്ന പറയുന്നു. മന്ത്രിയായിരുന്ന സമയം തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നും, മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്ന് ചോദിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.
‘സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലത് ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ട്. പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെ.
റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ പറഞ്ഞിരുന്നു.കടംകംപള്ളിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നു. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ്. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും കടകംപള്ളി പറഞ്ഞു. തനിക്ക് സെക്ഷ്വൽ മെസേജുകൾ അയച്ചു.
ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഇത്തരം ‘ഫ്രസ്‌ട്രേഷനുകളുള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്നൊക്കെ എന്നോട് പറഞ്ഞു’, സ്വപ്ന ആരോപിച്ചു.
Post Your Comments