കണ്ണൂർ: പാനൂരിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. കൂത്തുപറമ്പ് സ്വദേശിയായ ശ്യാംജിത്ത് ആണ് പിടിയിലായത്. ഇയാൾ സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന സംശയത്തിലാണ് പോലീസ്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു ദാരുണസംഭവം ഉണ്ടായത്.
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നൽകുന്ന വിവരം. ബെഡ്‌റൂമിൽവെച്ച് സുഹൃത്തുമായി വാട്‌സ്ആപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് പ്രതി മുറിയിലെത്തിയത്. വിഷ്ണുപ്രിയ ഉച്ചത്തിൽ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങൾ സുഹൃത്ത് റെക്കോർഡ് ചെയ്തിരുന്നു. ഇത് പൊലീസിന് ലഭിക്കുകയും ചെയ്തു. പ്രതിയെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു ഇന്ന്. ഇതിന്റെ ഭാഗമായി തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. എന്നാൽ, ഉദ്ദേശിച്ച സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയ തിരികെ വരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്. ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നുവെന്നാണ് സൂചന. വീട്ടിൽ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തിയത്. പ്രതി മുഖംമൂടി ധരിച്ചാണ് വന്നതെന്ന് സമീപവാസിയുടെ മൊഴി ഉണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക് തിരികെ പോയത്.
Post Your Comments