തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ. ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. നാല് ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്‌ക് സൗകര്യമൊരുക്കിയും സർക്കാർ മുന്നൊരുക്കം പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭകവർഷാചരണം മുന്നേറുന്നത്. സംരംഭകർക്കിടയിൽ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments