പാലക്കാട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ ഇട്ട് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തെ നിയമവാഴ്ചയോട് ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവയെല്ലാം ഗുരുതരമായ കുറ്റമാണ്. നേരെത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുൻമുഖ്യമന്ത്രിക്കെതിരെ വരെ കേസെടുത്ത പിണറായി വിജയൻ എന്തുകൊണ്ടാണ് തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്ല്യരാണ്. നിരപാരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. അല്ലാതെ പാർട്ടിയല്ല അന്വേഷിക്കേണ്ടത്. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഎമ്മിലെ മന്ത്രിമാരും എംഎൽ.എമാരും അടുത്ത മാസം നടക്കുന്ന ലോകകപ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നത് അരി വിലയെ പോലത്തെ ജനകീയ പ്രശ്‌നങ്ങളിൽ നിന്നുമെല്ലാം ശ്രദ്ധതിരിക്കാനാണ്. ഇത്തരം മന്ത്രിമാരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല. സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരുടെ നെല്ല് നശിച്ചു പോയാൽ പോകട്ടെ അത്രയും അരി ആന്ധ്രയിൽ നിന്നും ഇറക്കാമെന്നാണ് സർക്കാർ കരുതുന്നത്. കമ്മീഷൻ മാത്രമാണ് ഇതിന്റെ പിന്നിലെ അജണ്ട. എല്ലാ വർഷവും ഇത് സംഭവിക്കുന്നു. മില്ലുടമകളുമായുള്ള പ്രശ്‌നം തീർക്കാൻ സർക്കാർ തയ്യാറാവാത്തത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments