Latest NewsKeralaNews

‘പച്ച കലർന്ന ചുവപ്പ്’: തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടെന്ന് ജലീൽ

തന്റെ ആത്മകഥയായ ‘പച്ച കലര്‍ന്ന ചുവപ്പ്’ മലയാളം വാരിക നിര്‍ത്തി വച്ചത് യാത്രകള്‍ മൂലം തനിക്ക് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടാണെന്നും ഇതിനെക്കുറിച്ച് മാധ്യമവും മീഡിയാ വണ്ണും കള്ളം പ്രചരിപ്പിക്കുകയാണെന്നും മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍. കഴിഞ്ഞ 21 ലക്കമായി പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയുടെ പ്രസിദ്ധീകരണം മലയാളം വാരിക ഈ ലക്കം മുതല്‍ നിര്‍ത്തി വച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജലീലിന്റെ വിശദീകരണം. ജമാ ആത്ത് ഇസ്‌ളാമിയെ വിമര്‍ശിച്ചുകൊണ്ടെഴുതിയതിനെ തുടര്‍ന്നാണുള്ള വിമര്‍ശനങ്ങളാണ് ജലീലിന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം നിര്‍ത്തി വയ്ക്കാന്‍ കാരണമെന്ന തിരത്തില്‍ മാധ്യമവും മീഡിയാവണ്ണും പ്രചരണം നടത്തിയെന്നാണ് ജലീല്‍ ആരോപിക്കുന്നത്.

കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മീഡിയാ വണ്ണിന്റെ’ പച്ച നുണ കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ സ്ഥലത്തില്ലാത്തത് ഏവര്‍ക്കും അറിയാമല്ലോ? കല്‍ക്കത്ത, ഡാക്ക, നേപ്പാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് യാത്രാ വിവരണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മലയാളം വാരിയില്‍ കഴിഞ്ഞ 21 ലക്കത്തിലായി തുടര്‍ച്ചയായി ഞാന്‍ എഴുതിയ ‘പച്ച കലര്‍ന്ന ചുവപ്പ്’ (അരനൂറ്റാണ്ടിന്റെ കഥ) പ്രസിദ്ധീകരിച്ചു വരികയാണ്. 15 ലക്കത്തിലേക്കുള്ളത് ആദ്യമേ എഴുതിക്കൊടുത്തു. ബാക്കി ഓരോ ലക്കത്തിലേക്കുമുള്ളത് അപ്പപ്പോള്‍ എഴുതി അയക്കുകയായിരുന്നു. യാത്രാ വിവരണം എഴുതുന്നത് മാറ്റി വെക്കാന്‍ കഴിയാത്തത് കൊണ്ട് അടുത്ത ലക്കങ്ങളിലേക്ക് എഴുതി നല്‍കാനുള്ള പ്രയാസം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതാണ് യാഥാര്‍ത്ഥ്യം.

ഇതുവരെ എഴുതാത്ത ഭാഗങ്ങങ്ങളില്‍ വ്യക്തി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ എങ്ങിനെയാണ് കടന്നു കൂടുക? സാമാന്യ ബുദ്ധിക്ക് ചേരുന്നതെങ്കിലുമാകണ്ടേ മീഡിയാ വണ്ണിന്റെ കണ്ടെത്തല്‍. ഞാനെഴുതി നല്‍കിയത് പൂര്‍ണ്ണമായിത്തന്നെ ‘മലയാളം’ അച്ചടിച്ച് ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. തുടര്‍ ലക്കങ്ങളിലേക്ക് യഥാസമയം എഴുതിത്തീര്‍ത്ത് അയക്കാന്‍ കഴിയാത്തതില്‍ മനോവിഷമമുണ്ട്. അക്കാര്യത്തില്‍ വാരികക്കുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദിക്കുന്നു.
പ്രസിദ്ധീകൃതമായ ലക്കങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശന വിധേയമാക്കിയ ഭാഗങ്ങള്‍ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ‘പ്രബോധനം’ വാരിക എന്നെ വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയോടും അവരുടെ രാഷ്ട്രീയത്തോടും വിയോജിച്ചതിലുള്ള കലിപ്പാവണം ‘മലയാളം വാരിക’ എന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍ത്തി എന്ന രൂപത്തില്‍ ‘മീഡിയാ വണ്‍’ തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനം. ആറ് മാസത്തിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയാക്കി പുസ്തകമായി ”പച്ച കലര്‍ന്ന ചുവപ്പ്’ പുറത്തിറക്കാനാണ് ഉദ്ദേശം. ജമാഅത്തെ ഇസ്ലാമിയുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും (മാധ്യമം, മീഡിയ വണ്‍) തനിനിറം ഒരിക്കല്‍കൂടി ബോദ്ധ്യമാവാന്‍ ഈ കള്ളവാര്‍ത്ത സഹായകമായി.

ഈയുള്ളവന്‍ രചിച്ച ‘മലബാര്‍ കലാപം ഒരു പുനര്‍വായന’ എട്ട് പതിപ്പ് പിന്നിട്ടു. ഡിസി പ്രസിദ്ധീകരിച്ച ‘മുഖപുസ്തക ചിന്തകള്‍’രണ്ടാം എഡിഷന്‍ പുറത്തിറങ്ങി. ചിന്ത പുറത്തിറക്കിയ ”മതം മതഭ്രാന്ത് മതേതരത്വം’ മൂന്നാം എഡിഷനിലേക്ക് കടന്നു . ‘ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം’ രണ്ടാം ലക്കം അച്ചടിച്ച് മാര്‍ക്കറ്റിലെത്തി. അടുത്ത പുസ്തകം ‘യാത്രകള്‍ കാഴ്ചകള്‍’ പണിപ്പുരയിലാണ്. അത് കഴിഞ്ഞാകും ”പച്ച കലര്‍ന്ന ചുവപ്പ്’ പുസ്തകമായി വെളിച്ചം കാണുക.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേയുള്ളൂ. മീഡിയാ വണ്ണിലൂടെ അത് കണ്ടു. ജമാഅത്തെ ഇസ്ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകള്‍ മെനഞ്ഞാലും അതിന് അല്‍പ്പായുസ്സേ ഉണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button