തൃപ്പൂണിത്തുറ: മരുമകളുടെ അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67)യെ ആണ് മരുമകൾ ക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം പരിക്കോടെ നളിനി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽ വെച്ചാണ് സംഭവം. മകന്റെ ഭാര്യ അതിക്രൂരമായി മർദ്ദിച്ച് പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് നളിനി പറയുന്നത്.
Read Also : റെക്കോർഡ് തിരുത്തിയെഴുതി അംബാനി, സ്വന്തമാക്കിയത് കോടികളുടെ വില്ല
തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തു നിന്ന് ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. മർദ്ദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലത് കണ്ണിനും കാഴ്ചയില്ലെന്ന് ഇവർ പറഞ്ഞു.
ഭർത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ മകനൊപ്പം താമസിക്കാനെത്തിയത്. ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല.
അതേസമയം, തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നുമാണ് നളിനി പറയുന്നത്.
സംഭവത്തിൽ, തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറി. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്.ഐ. അറിയിച്ചു.
Post Your Comments