KeralaLatest NewsNews

മരുമകളില്‍ നിന്ന് കടം വാങ്ങിയ 15,000 രൂപ തിരികെ നല്‍കിയില്ല, ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്

അടിമാലി: നേര്യമംഗലം അഞ്ചാംമൈല്‍ ആദിവാസിഗ്രാമത്തില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയതായി കേസ്. കരിനെല്ലിക്കല്‍ ജലജ (39) ആണ് കൊല്ലപ്പെട്ടത്.  കുടുംബകലഹത്തെത്തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ (46) ജലജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുക്കുകയായിരുന്നുവെന്ന് അടിമാലി പോലീസ് പറഞ്ഞു. ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: മുന്ദ്ര തുറമുഖത്ത് 110 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ഞായറാഴ്ച രാവിലെ അയല്‍വാസിയായ വയോധികയാണ് ജലജയെ മരിച്ചനിലയില്‍ വീടിനുള്ളില്‍ ആദ്യംകണ്ടത്. ഇവര്‍ പ്രദേശവാസികളെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കനമുള്ള വസ്തുകൊണ്ട് തലയില്‍ അടിയേറ്റിട്ടുണ്ടെന്നും കഴുത്ത് പകുതിയോളം മുറിഞ്ഞുപോയെന്നും മനസ്സിലായി.

ഈ സമയമെല്ലാം ഭര്‍ത്താവ് ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നു. ജലജയുടെയും ബാലകൃഷ്ണന്റെയും രണ്ടാം വിവാഹമാണ്. ബാലകൃഷ്ണന്റെ ആദ്യ വിവാഹബന്ധത്തിലെ മകന്റെ ഭാര്യയില്‍നിന്ന് ജലജ 15,000 രൂപ കടം വാങ്ങിയിരുന്നു.

ഇത് തിരികെ കൊടുക്കാത്തതിനെച്ചൊല്ലി ബാലകൃഷ്ണനും ജലജയും തമ്മില്‍ പതിവായി കലഹമുണ്ടാക്കാറുണ്ടെന്നും നാട്ടുകൂട്ടത്തില്‍ ചര്‍ച്ചചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും പ്രദേശവാസികള്‍ പോലീസിനോടുപറഞ്ഞു. ശനിയാഴ്ച രാത്രി പത്തോടെ ഇതിന്റെ പേരില്‍ വീണ്ടും വഴക്കുണ്ടായെന്നും പോലീസിന് വിവരം കിട്ടി.

ഇതോടെ സംശയം ബാലകൃഷ്ണനിലേക്ക് നീണ്ടു. ഇയാളോട് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍, സാഹചര്യത്തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ബാലകൃഷ്ണന്‍ കുറ്റം സമ്മതിച്ചു.

ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി വീടിനകത്തുനിന്നും ചുറ്റിക പുറത്തുനിന്നും പോലീസ് കണ്ടെത്തി.

ഒരു ബ്ലേഡും കിട്ടിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി. ഫലം ഒരാഴ്ച കഴിഞ്ഞേ കിട്ടുകയുള്ളൂ.

സംഭവത്തില്‍ കൂടുതല്‍പേരുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അഞ്ചാംമൈലിന് താഴെയാണ് സംഭവം നടന്ന ആദിവാസി കോളനി.

നടപടി പൂര്‍ത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇടുക്കി ഡിവൈ.എസ്.പി. ജിന്‍സണ്‍ മാത്യു, അടിമാലി എസ്.എച്ച്.ഒ. പ്രിന്‍സ് ജോസഫ്, എസ്.ഐ. ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബാലകൃഷ്ണനെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button