കൊല്ലം: ഭർതൃമാതാവിനെ മർദ്ദിച്ച പ്ലസ് ടു അധ്യാപിക മഞ്ജുമോൾ തോമസ് കുട്ടികളോട് ഇടപെട്ടിരുന്നത് നല്ലരീതിയിലെന്ന് സ്കൂൾ അധികൃതർ. ചവറ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന മഞ്ജുവിനെ സ്കൂളിൽ നിന്നും പുറത്താക്കിയതായും പ്രിൻസിപ്പൽ അറിയിച്ചു. രണ്ടര വർഷമായി ഇതേ സ്കൂളിലെ അധ്യാപിയാണ് മഞ്ജു. നന്നായി പഠിപ്പിക്കുന്ന അധ്യാപികയാണ് ഇവരെന്നും കുടുംബ പ്രശ്നങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയുമായിരുന്നില്ല എന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
മഞ്ജു തോമസ് അമ്മായിയമ്മയെ മർദ്ദിക്കുന്ന ദൃശ്യം കണ്ടപ്പോൾ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് അധ്യാപികയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകർത്താക്കളെയും അറിയിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപികയുടെ ഭർത്താവ് ഇതേ സ്കൂളിൽ പഠിച്ചയാളാണെന്നും, വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ വിഷത്തിൽ ഇടപെടുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ് ഏലിയാമ്മയും മകനും മരുമകളും. മർദ്ദനമേറ്റ ഏലിയാമ്മ ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട്. ഏലിയാമ്മയുടെ ഭർത്താവ് എൻജിനീയറായിരുന്നു.. ഏലിയാമ്മയുടെയും ഭർത്താവിൻ്റെയും കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളതാണ്. ഏലിയാമ്മയുടെ മകനും മഞ്ജുവിൻ്റെ ഭർത്താവുമായ ജയിംസ് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് ജെയിംസ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഡബിൾ എംഎക്കാരിയും ഹയർസെക്കൻഡറി അധ്യാപികയുമാണ് മഞ്ജു തോമസ്. വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഞ്ജു പഠിപ്പിക്കുന്ന ചവറയിലെ സ്കൂളിൽ നിന്നും അവരെ പുറത്താക്കിയിരുന്നു.
തന്നെ മർദ്ദിക്കുന്നതിനു പിന്നിൽ ഒരു കാരണവുമില്ലെന്നും താനിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നതാണ് ആവശ്യമെന്നും തേവലക്കരയിൽ മരുമകളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായ വയോധിക ഏലിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇടിക്കുകയും അടിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തതായി ഏലിയാമ്മ പറഞ്ഞു.
‘‘എന്റെ മുഖത്തടിക്കും പുറത്തിടിക്കും മകനെയും ഉപദ്രവിക്കും. സ്ഥിരം എന്നെ മർദ്ദിക്കാറുണ്ട്. കമ്പികൊണ്ട് അടിക്കും. തലമുടി ചുറ്റിപ്പിടിച്ച് എന്നെ താഴേക്ക് ഇടും. കുഞ്ഞുങ്ങളെ ഓർത്ത് ഒന്നും പറയില്ല. നിലവിളക്കു കൊണ്ട് മകനെ ഭാര്യ ഉപദ്രവിച്ചു.’ ഇരുമ്പ് കമ്പികൊണ്ട് ഒരുതവണ തലയ്ക്ക് അടിച്ചെന്നും ഓർമ്മയുള്ളതെല്ലാം പൊലീസിനോട് പറഞ്ഞതായും ഏലിയാമ്മ പറഞ്ഞു. തനിക്കു വൃത്തിയില്ലെന്നു പറഞ്ഞു മുറിയിൽനിന്നു വെളിയിൽ ഇറങ്ങാനോ അടുക്കളയിൽ പോകാനോ സമ്മതിക്കില്ലെന്നും വയോധിക പറഞ്ഞു. മരുമകൾ സ്കൂളിൽ പോകുമ്പോഴാണു താൻ വെളിയിൽ ഇറങ്ങുന്നത്. വീട്ടുജോലിക്കാരി ചോറ് മുറിയിൽ കൊണ്ടുവരും. കുഞ്ഞുങ്ങളെ എന്റെ അടുത്ത് വരാൻ സമ്മതിക്കില്ല. കുഞ്ഞുങ്ങൾ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നതെന്നും ഏലിയാമ്മ പറഞ്ഞു.
അതേസമയം, സ്വന്തം അമ്മയേയും തന്നെയും ഭാര്യ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമ്പോഴും ജെയിംസ് എല്ലാം സഹിച്ചത് നാണക്കേട് ഭയന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ പലതവണ കുടുംബ പ്രശ്നം പൊലീസിന് മുന്നിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. ഭർത്താവിനും ഭർത്താവിന്റെ അമ്മക്കും മുന്നിൽ കൊടുംക്രൂരയാകുന്ന മഞ്ജു തോമസ് പൊലീസ് എത്തുന്നതോടെ ഇരവാദം ഉയർത്തി രക്ഷപ്പെടുകയാണ് പതിവ്. ഇതിനിടെ ജെയിംസിനെ പോക്സോ കേസിൽ കുടുക്കാനും ഇവർ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ജെയിംസ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അരലക്ഷത്തിലേറെ രൂപ പ്രതിമാസം ശമ്പളമുണ്ട്. ഒരേക്കറിലേറെ വസ്തുവിൽ നിന്നുള്ള ആദായവും വീടിനടുത്തുള്ള കടമുറിയുടെ വാടകയും എല്ലാം ചേർത്ത് മാസം നല്ലൊരു തുക വരുമാനമുണ്ട്. വീട്ടിലെ പൊതു ഉപയോഗത്തിനുള്ള കാർ കൂടാതെ ഭാര്യക്ക് സ്വന്തമായി മറ്റൊരു കാറും വാങ്ങി നൽകിയിട്ടുണ്ട്. ആദ്യം വീടിന് തൊട്ടടുത്തുള്ള ഒരു സിബിഎസ്ഇ സ്കൂളിലായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്. അവിടെ നിന്നും ഇവരുടെ പെരുമാറ്റ ദൂഷ്യം കാരണം പറഞ്ഞുവിട്ടതാണ് എന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ജെയിംസ് പാർട്ടിക്കാരുമായി ഇടപെട്ട് ഇപ്പോൾ ജോലി ചെയ്തിരുന്ന സ്കൂളിൽ മഞ്ജുവിന് ജോലി വാങ്ങിക്കൊടുത്തത്.
ഏലിയാമ്മയെ മഞ്ജു ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നില്ലെങ്കിൽ അടുത്ത സമയത്ത് തന്നെ അവർ ഏലിയാമ്മയെ കൊലപ്പെടുത്തി ആ കുറ്റം ജെയിംസിന്റെ തലയിൽ കെട്ടിവെക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യം എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഏലിയാമ്മയും മകനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത മഞ്ജുവിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കാണ് മഞ്ജുവിനെ റിമാൻഡ് ചെയ്തത്. വയോധികയെ ആക്രമിക്കൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ ഗോപകുമാർ, ദിനേശ്കുമാർ, ലതിക, മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments