പത്തനംതിട്ട: റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ്ങിലൂടെ ഒരു വർഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവിൽ എരുമേലിയിൽ നിർമിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റസ്റ്റ് ഹൗസുകൾ ജനകീയമാക്കിയ കഴിഞ്ഞ നവംബർ ഒന്നു മുതൽ ഒക്ടോബർ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകൾ ഒരു വർഷത്തിനിടയിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റസ്റ്റ് ഹൗസിൽ താമസിച്ചവരുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ച് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. ശബരിമല തീർത്ഥാടകർക്ക് പൂർണ സൗകര്യങ്ങളുറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ശബരിമല തീർത്ഥാടകർക്ക് ഓൺലൈനിലൂടെ റസ്റ്റ് ഹൗസിൽ മുറികൾ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തിൽ ഒരു ഡോർമെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോർമെറ്ററികളും മുറികളും ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. തീർത്ഥാടകരുടെ ക്ഷേമത്തിന് ചെയ്യാനാകുന്നതെല്ലാം സർക്കാർ ചെയ്യും. ശബരിമല തീർത്ഥാടനത്തിനുപയോഗിക്കുന്ന 19 റോഡുകളിൽ 16 റോഡുകളും മികവുറ്റതാക്കി. മറ്റ് മൂന്നു റോഡുകളുടെ നിർമാണം ചീഫ് എൻജിനീയർമാർ ക്യാമ്പ് ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
എരുമേലി ക്ഷേത്രവും വാവരുപള്ളിയും ഉൾപ്പെടുന്ന എരുമേലിയുടെ ചരിത്ര പ്രധാന്യം ഉൾക്കൊണ്ടാണ് പുതിയ റസ്റ്റ് ഹൗസ് ബ്ലോക്ക് നിർമിച്ചത്. 406 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായി നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ ആറു മുറികളാണുള്ളത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജസ്നാ നജീബ്, പി.എ ഷാനവാസ്, നാസർ പനച്ചി, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എം. ലൈജു, കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി സജീവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post Your Comments