KeralaLatest NewsNews

ശബരിമലയിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കും: ആരോഗ്യമന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി സ്‌ക്വാഡുകളും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് പ്രധാന ജലസ്ത്രോതസുകളിൽ നിന്നും വെള്ളം ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയയ്ക്കും. ഒരു ഹോട്ടലിലെ ഒരു ജീവനക്കാരനെങ്കിലും ഭക്ഷ്യസുരക്ഷാ പരിശീലനം നൽകും. ഇതുകൂടാതെ അന്നദാനം നടത്തുന്നവർക്കും പരിശീലനം നൽകും. കുമളി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സീസണ് മുമ്പ് പ്രത്യേക പരിശോധനകളും നടത്തും.

ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പയിലും സന്നിധാനത്തും താത്ക്കാലിക ഭക്ഷ്യ സുരക്ഷാ പരിശോധനാ ലാബ് ആരംഭിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഇവിടെ നിയമിക്കും. പ്രസാദങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഈ ലാബുകളിൽ പരിശോധിക്കും. ആവശ്യമെങ്കിൽ കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ലാബിൽ അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

മൊബൈൽ ലാബിന്റെ സേവനം ലഭ്യമാക്കും. ഇതുകൂടാതെ പല ഭാഷകളിൽ ഭക്ഷ്യസുരക്ഷാ അവബോധം നൽകും. എല്ലാ കടകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. പത്തനംതിട്ട അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറും ജോയിന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറും ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button