കായംകുളം: കായംകുളത്ത് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ദുരൂഹമായ സാഹചര്യത്തിൽ വിജനമായ റോഡിൽ തലക്ക് അടിയേറ്റ നിലയിൽ കണ്ടെത്തി. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ്കുമാറിന്റെ ഭാര്യ ശോഭനാകുമാരിക്കാണ് (52) സാരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൃഷ്ണപുരം സി.പി.സി.ആർഐക്ക് സമീപമുള്ള ഇടവഴിയി ലായിരുന്നു സംഭവം. ഇതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് മഴയത്ത് അബോധാവസ്ഥയിൽ കിടന്നിരുന്ന ശോഭനകുമാരിയെ സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. തുടർന്ന്, ഓച്ചിറയിലെയും കരുനാഗപ്പള്ളിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തലക്ക് പിന്നിൽ ശക്തമായ ക്ഷതം സംഭവിച്ച ഇവർക്ക് ഇതുവരെ ബോധം തിരികെ ലഭിച്ചിട്ടില്ല.
ധരിച്ചിരുന്ന സ്വർണ മാലയും പേഴ്സും കിടന്നിരുന്ന ഭാഗത്ത് നിന്നും കണ്ടെത്തിയതാണ് ദുരൂഹതക്ക് കാരണം. ശക്തമായ അടി കിട്ടിയ തരത്തിലുള്ള ക്ഷതമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. സാധാരണ ഗതിയിലുള്ള വീഴ്ചയിൽ ഇത്തരം ക്ഷതം സംഭവിക്കാറില്ല. തലച്ചോർ ഒരു ഭാഗത്തേക്ക് മാറുന്ന തരത്തിലുള്ള ആഘാതമാണ് ഏറ്റിരിക്കുന്നത്.
അതേസമയം, ശോഭനകുമാരിക്ക് ബോധം തെളിഞ്ഞാൽ മാത്രമെ അന്വേഷണം ശരിയായ മുന്നോട്ടുകൊണ്ടുപോകാനാകുവെന്ന് സിഐമുഹമ്മദ് ഷാഫി പറഞ്ഞു. മറ്റുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. വൈകിട്ട് 5.30 നാണ് കായംകുളത്ത് ഡോക്ടറെ കാണാനായിട്ടാണ് ശോഭന വീട്ടിൽ നിന്നറിങ്ങിയത്. മരുന്നിന്റെ കുറിപ്പടിയും പേഴ്സിലുണ്ടായിരുന്നു. കൃഷ്ണപുരത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരിക്കും സംഭവമെന്നാണ് സൂചന.
Post Your Comments