
തൃശ്ശൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി എടക്കളത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല ഫുട്ബോൾ മേള പറപ്പൂർ സെൻ്റ് ജോൺസ് പള്ളി ഗ്രൗണ്ടിൽ വച്ച് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൻ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് മുഖ്യാതിഥിയായിരുന്നു.
ജില്ല യുവതി കോ-ഓർഡിനേറ്റർ സുകന്യ ബൈജു, കെ സി ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ല യൂത്ത് കോ-ഓർഡിനേറ്റർ ഒ.എസ് സുബീഷ് സ്വാഗതവും ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി സബിത നന്ദിയും പറഞ്ഞു. 64 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾ പോന്നോർ മിനി സ്‌റ്റേഡിയത്തിലും, പറപ്പൂർ സെൻ്റ് ജോൺസ് പള്ളി ഗ്രൗണ്ടിലും പൂർത്തിയാക്കി.
16ന് രാവിലെ 8 മണിക്ക് പോന്നോർ മിനി സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് 5 മണിക്ക് സമ്മാനദാനം നടക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് യഥാക്രമം 25000, 15000, 10000 വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.
Post Your Comments