ടെഹ്‌റാന്‍: രാഷ്ട്രീയ തടവുകാരെയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകരെയും പാര്‍പ്പിക്കുന്ന ഇറാനിലെ കുപ്രസിദ്ധ എവിന്‍ ജയിലിലെ അഗ്നിബാധ അട്ടിമറിയെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 61 തടവുകാര്‍ക്ക് പരുക്കേറ്റതായും ഇറാനിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലുടനീളം ആഴ്ചകള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
മഹ്സ അമിനി എന്ന 22 കാരി പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചാഴ്ചയായി രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് സദാചാരത്തിന്റെ പേരില്‍ പൊലീസ് അമിനിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന അധികൃത വിശദീകരണത്തില്‍ അതൃപ്തരായ ജനത തെരുവിലിറങ്ങി, തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ എവിന്‍ ജയിലിലേക്ക് അയച്ചു. ഇറാനിയന്‍ തലസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള താഴ്വരയിലാണ് ജയില്‍ സ്ഥിതിചെയ്യുന്നത്. മഹ്സ അമിനിയുടെ നീതിക്കായി കൂടുതല്‍ ആളുകള്‍ തെരുവില്‍ അണിനിരന്നതോടെ ഈ തടങ്കല്‍ കേന്ദ്രത്തിലേയ്ക്കാണ് പ്രധിഷേധക്കാരെ മാറ്റിയിരുന്നത്.
Post Your Comments