കൊച്ചി: നരബലി കേസ് സംസ്ഥാനത്തെ ഞെട്ടിച്ചതോടെ, യുക്തിവാദത്തിന് കുറച്ച് കൂടി സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഇത്തരം കേസുകൾ ഉയർന്നുവരുമ്പോൾ മാത്രമാണ്, യുകതിവാദത്തിന് പിന്തുണ കിട്ടുന്നതെന്ന് യുക്തി ചിന്തകൻ ചന്ദ്രശേഖർ ആർ പറയുന്നു. അല്ലാത്തപ്പോൾ തങ്ങളടക്കമുള്ളവർ പറയുന്നത് ആരും മൈൻഡ് ആക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുക്തിവാദികൾ പറയുന്ന കാര്യങ്ങൾക്ക് പൊതുവെ മുഖം തിരിക്കുന്നവരാണ് പൊതുസമൂഹമെന്ന് അദ്ദേഹം പറയുന്നു. ഇലന്തൂർ ഇരട്ട നരബലി കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ നേർക്കുനേർ ശ്രദ്ധേയമാകുന്നു. യുക്തിചിന്തകൻ ചന്ദ്രശേഖർ ആർ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, സന്ദീപാനന്ദ ഗിരി, രാഹുൽ ഈശ്വർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ ഇവർ ഓരോരുത്തരും വാദിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
‘ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസം ആയിരിക്കും. ശാസ്ത്രീയമായി പഠിക്കുമ്പോഴാണ് അത് മനസിലാവുക. ഗുരുവായൂരപ്പന്റെ രൂപങ്ങളിൽ വഴിപാട് നടത്തിയാൽ നമുക്കൊന്നും കിട്ടില്ല. ഉദാഹരണത്തിന്, ദേശീയ പതാകയ്ക്ക് സല്യൂട്ട് ചെയ്തു എന്ന് കരുതി ദേശസ്നേഹം ഉണ്ടാകണം എന്നുണ്ടോ? ഞാനൊരിക്കലും വിഗ്രഹാരാധനയ്ക്ക് എതിരല്ല. പൗരോഹിത്യം ഇടനിലക്കാരായി നിന്നുകൊണ്ട്, ഭക്തരെ ചൂഷണം ചെയ്യുന്നത് ഇവിടെയൊക്കെയാണ്. ഹിമാലയം ഭാഗത്തൊന്നും അങ്ങനെ ഇല്ല’, സന്ദീപാനന്ദ ഗിരി പറയുന്നു.
അന്ധവും അല്ലാത്തതുമായ വിശ്വാസമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, നൂറ് ശതമാനവും ഉണ്ട് എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ മറുപടി. വിശ്വാസവും അന്ധവിശ്വാസവും വേറെ വേറെ ആണെന്ന് അദ്ദേഹം പറയുന്നു.
‘ലൈംഗിക ചൂഷണം, സാമ്പത്തിക ചൂഷണം, മനുഷ്യന്റെ ശരീരത്തിനും സമൂഹത്തിനും അപകടമുണ്ടാക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ് അന്ധവിശ്വാസങ്ങൾ. ചെറിയ പ്രായത്തിൽ ആഗ്രഹിച്ച കാര്യം കിട്ടാതെ വരുമ്പോൾ ആണ് പലരും അവിശ്വാസികൾ ആകുന്നത്. അഞ്ജതയും ആർത്തിയും ഒരുമിച്ച് ചേർന്നതാണ് അന്ധവിശ്വാസം. ഈ വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടത് ഇല്ലെന്നാണ് എന്റെ അഭിപ്രായം’, രാഹുൽ ഈശ്വർ പറഞ്ഞു.
Also Read:‘ശശി തരൂർ… നന്ദി’! -തരൂരിന് മെസേജ് അയച്ച് പ്രിയങ്ക ഗാന്ധി
‘ഇത്തരം കേസുകളിൽ ചൂഷണം ചെയ്യുന്നത് മനുഷ്യന്റെ ആർത്തിയാണ്. ഷാഫി ഒരു വിശ്വാസി ആയിരുന്നില്ല. ആത്മീയ ബോധം അയാൾക്കുണ്ടായിരുന്നില്ല. പെട്ടെന്ന് പണക്കാരനാകാൻ വേണ്ടിയുള്ള ആർത്തിയാണ് ഷാഫിയെ കൊണ്ട് ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്തത്. യുക്തിവാദവും വിശ്വാസവും രണ്ടാണ്’, പാളയം ഇമാം വി.പി സുഹൈബ് മൗലവി പറയുന്നു.
ഇവർക്കെല്ലാം കൂടി ചന്ദ്രശേഖർ നൽകിയ മറുപടിയും ശ്രദ്ധേയമാകുന്നു. വിശ്വാസം, അവിശ്വാസം, അന്ധവിശ്വാസം എന്ന് മൂന്ന് പേരിട്ട വേർതിരിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. തെളിവില്ലാത്ത ഒന്നിനെയാണ് വിശ്വസിക്കേണ്ടി വരുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം.
‘നമ്മുടെ അനുഭവങ്ങൾ എപ്പോഴും വിശ്വാസത്തിൽ എടുക്കാൻ സാധിക്കില്ല. ശാസ്ത്രീയമായി പറഞ്ഞാൽ ഭൂമി കറങ്ങുകയാണ്, പക്ഷെ നമുക്ക് അത് അനുഭവിക്കാൻ കഴിയില്ല. നമ്മൾ കാണുന്നത് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമാണ്. മാജിക് എന്ന് പറയുന്നത് അനുഭവമാണ്, പക്ഷെ അത് സത്യമാണോ? പറ്റിക്കപ്പെടാൻ വേണ്ടി അങ്ങോട്ട് പൈസ കൊടുത്ത് നമ്മൾ മാജിക് കാണുന്നു. ഏറ്റവും വലിയ അന്ധവിശ്വാസം എന്നത് ദൈവവിശ്വാസം തന്നെയാണ്. ഏറ്റവും ജനകീയമായ വിശ്വാസവും ദൈവവിശ്വാസമാണ്. ദൈവം ഉണ്ടെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് കൃത്യമായി കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാധിക്കണ്ടേ? സംസ്‌കൃതവും അറബിയും ഒന്നും അറിയാത്തവർ ഊഹിച്ചെടുക്കുകയാണ് കാര്യങ്ങൾ’, ചന്ദ്രശേഖർ പറയുന്നു.
അതേസമയം, നരബലി കേസിലെ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
Post Your Comments