എഐസിസി പ്രസിഡന്റ് മത്സരം കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി മെസേജ് അയച്ച് പറഞ്ഞതായി തൽസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധി സന്ദേശമയച്ചതെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും തരൂർ പറഞ്ഞു.
‘ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതിന്റെ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് എന്നോടും അവരോട് നേരിട്ട് ചോദിച്ചവരോടും പറഞ്ഞത്. എന്നാൽ, നേതൃത്വമെന്നാൽ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണ്. ചിലർ പ്രചാരണം നടത്തിയത് അങ്ങനെയല്ല. അതെനിക്കറിയാം. അതിന് തെളിവുമുണ്ട്’, ശശി തരൂർ പറഞ്ഞു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ പുതിയൊരു ഊർജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാർട്ടിയെ പുനർജീവനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതാണെന്നും വിശദീകരിച്ച തരൂർ, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.
Post Your Comments