കൊടുവള്ളി: എരഞ്ഞിക്കോത്ത് കാള വിരണ്ടോടിയത് പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ഓട്ടത്തിനിടെ കാള ഇടിച്ചു തെറിപ്പിച്ച ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെച്ചൂളി ഗോപാലനെ (70)യാണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read Also : വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ഏഴ് കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളികൾ റോഡുപരോധിക്കും
ശനിയാഴ്ച വണ്ടിയിൽ നിന്നും ഇറക്കുന്നതിനിടെ കാള കയർ പൊട്ടിച്ച് ഓടുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ഓടിയ കാളയെ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചിട്ടും തളക്കാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരമറിയിച്ചു. തുടർന്ന്, ഞായറാഴ്ച 12 ഓടെ മുക്കത്ത് നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഏറെ ശ്രമത്തിനൊടുവിൽ ചാത്തമംഗലം പഞ്ചായത്തിലെ നെച്ചൂളി കോട്ടുളിതാഴത്ത് വെച്ച് കാളയെ പിടികൂടുകയായിരുന്നു.
എരഞ്ഞിക്കോത്ത് സ്വദേശി മുർഷിദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാള. മുക്കം അഗ്നിശമന സുരക്ഷ സേനയിലെ അസി.സ്റ്റേഷൻ ഓഫിസർ സി.കെ മുരളീധരൻ, പി. അബ്ദുൽ ഷുക്കൂർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെ.സി. സലിം, എ. നിപിൻ ദാസ്, കെ.പി. അമീറുദ്ദീൻ, കെ. രജീഷ്, കെ.എസ്. ശരത്, വി.എം. മിഥുൻ, സുജിത്ത്, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കാളയെ പിടിച്ചുകെട്ടിയത്.
Post Your Comments