തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെക്കന്‍ കേരളത്തിന് എതിരായി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേതാക്കൾ ജനതയെ ഐക്യത്തോടെ നയിക്കണമെന്നും അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മലയാളികളെ ഒന്നായി കാണണമെന്നും ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏതു പ്രദേശത്തുള്ള ആളാണ് എന്ന് നോക്കിയിട്ടല്ല ആളുകളെയും ജനങ്ങളെയും വിലയിരുത്തേണ്ടത്. മലയാളികളുടെ നാടാണ് കേരളമായിത്തീര്‍ന്നത് എന്നാണല്ലോ വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി വേര്‍തിരിക്കാനല്ല നമ്മള്‍ ശ്രമിക്കേണ്ടത്. ഐക്യം രൂപപ്പെടുത്താനാണ് യഥാർത്ഥത്തിൽ ഏത് രാഷ്ട്രീയ പാര്‍ട്ടിയും നേതൃത്വവും ശ്രമിക്കേണ്ടത്’, എം ഗോവിന്ദന്‍ വ്യക്തമാക്കി.
തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.
‘ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയില്‍ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തില്‍ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസില്‍ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കഴിയുമ്പോഴെക്ക് തൃശൂരില്‍ എത്തിപ്പോയി. ഞാന്‍ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച് ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമന്‍ പറഞ്ഞു. അനിയാ, മനസില്‍ പോയതെല്ലാം ഞാന്‍ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’ സുധാകരൻ പറഞ്ഞു.
Post Your Comments