വൈപ്പിന്‍: നായരമ്പലത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും വരാപ്പുഴയില്‍ സ്ഥിര താമസക്കാരിയുമായ പുതുവല്പുരിയിടം അശ്വതി ബാബു (25), ഭര്‍ത്താവ് കാക്കനാട് സ്വദേശി നൗഫല്‍(30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നായരമ്പലം നെടുങ്ങാട് തുണ്ടത്തില്‍ ബാബുവിന്റെ മകന് കിഷോര്‍(43), അമ്മ ലൈല(65)എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഈ മാസം 13-നായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ അശ്വതിയുടെ ഡ്രൈവറായി കിഷോര്‍ ജോലിചെയ്ത സമയത്ത് അശ്വതിയില്‍ നിന്ന് 30000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു പോയ കിഷോര്‍ പലിശയും പണവും നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ദമ്പതികള്‍ പണം ചോദിച്ചു കിഷോറിന്റെ വീട്ടിലെത്തിയത്.
Read Also : താനും ഷാഫിയും മനുഷ്യമാംസം കഴിച്ചെന്ന് ലൈല: ഭഗവല്‍ സിങ് തുപ്പിക്കളഞ്ഞു
തുടർന്ന്, കിഷോറിനെ ഇരുമ്പുവടിക്കു തലയ്ക്കടിക്കുകയും അമ്മയെ ചവിട്ടുകയും ചെയ്തു. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തെന്ന് പരാതിയിൽ പറയുന്നു. തലയ്ക്കു പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലൈല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞാറയ്ക്കല്‍ സി.ഐ. രാജന് കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ അശ്വതിക്കെതിരേ തിരുവനന്തപുരം, മാഞ്ചേരി, വരാപ്പുഴ, ഇടുക്കി പെരുവന്താനം, തിരുവനന്തപുരം എന്നിവിടങ്ങളിലും നൗഫലിനെതിരേ കാക്കനാട്, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളിലും വിവിധ കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments