കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പൊലീസിനു പരിശോധന നടത്താനായത്. മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പൊലീസ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നാണ് ഷാഫിയുടെ ഭാര്യയുടെ മൊഴി.
അതേസമയം, ആഭിചാരവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍നിന്നു കണ്ടെത്തി. മലയാളത്തില്‍ ഉള്ള പുസ്തകങ്ങളാണ് രണ്ടും. മനുഷ്യമാംസം കഴിച്ചത് ഷാഫിയും ഭഗവല്‍സിങ്ങും മാത്രമാണ് എന്നാണു മൊഴി. ലൈല ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ചെറിയ അളവില്‍ മാത്രമാണു കഴിച്ചത്. മാംസം പാകം ചെയ്ത പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ പൊലീസ് കണ്ടെടുത്തു. 4 വെട്ടുകത്തികളും 2 തടിക്കഷ്ണങ്ങളും ഷേവിങ് സെറ്റുമാണു കണ്ടെടുത്തത്. ആയുധങ്ങളില്‍ പ്രതികളുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ഫ്രിഡ്ജില്‍നിന്നും തറയില്‍നിന്നും രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം അവശിഷ്ടങ്ങളെല്ലാം തിരുമ്മു കേന്ദ്രത്തിനു സമീപം കൂട്ടിയിട്ടു കത്തിച്ചെന്നു ഭഗവല്‍സിങ് മൊഴി നല്‍കിയതിനാല്‍ അവിടെനിന്നു സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
കൂടുതല്‍ നരബലി നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നു പരിശീലനം നേടിയ പൊലീസ് നായ്ക്കളെയെത്തിച്ച് ഇന്നലെ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടിന്റെ പുറകിലുള്ള മഹാഗണി മരത്തിന്റെ ചുവട്ടില്‍നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തെങ്കിലും പോത്തിന്റെ എല്ലാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് രാത്രി 9 മണിയോടെ അവസാനിച്ചു.
Post Your Comments