പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിലെ പറമ്പില്‍ നിന്നും
സോമനെ മടക്കി അയക്കാതെ പൊലീസ്. ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലും സമീപത്തെ പറമ്പിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയപ്പോള്‍ പൊലീസിന് ഒരു കൈ സഹായമായി കൂടെ നിന്നത് സോമനാണ്. തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയില്‍ കുടുംബാംഗമായ സോമന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ എടുക്കുന്നതിന് പൊലീസിനെ സഹായിക്കുന്നു. 4100 ഓളം മൃതദേഹങ്ങള്‍ ഇതിനോടകം പോസ്റ്റമോര്‍ട്ടത്തിനായി എടുത്തുനല്‍കിയിട്ടുണ്ട്. ദുര്‍മരണപ്പെട്ട പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തതും സോമനാണ്.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം പ്രതികളുമായി ഇലന്തൂരില്‍ എത്തുന്നതിന് മുമ്പ് തന്നെ സോമനെ പൊലീസ് ഇവിടെ എത്തിച്ചിരുന്നു. കൃത്യം നടന്ന വീടിന് സമീപത്തെ പറമ്പില്‍ പൊലീസ് നായകള്‍ സംശയാസ്പദമായ രീതിയില്‍ മണം പിടിച്ച ഭാഗങ്ങളെല്ലാം സോമന്‍ കമ്പി പാര ഉപയോഗിച്ച് ഒന്നര അടിയോളം താഴ്ചയില്‍ കുഴിച്ചു നോക്കിയെങ്കിലും കാര്യമായ തെളിവുകള്‍ കിട്ടിയില്ല. പരിശോധനകള്‍ തീരും വരെ ആഹാരം പോലും വെടിഞ്ഞ് വെള്ളം മാത്രം കുടിച്ചായിരുന്നു സോമന്റെ ജോലികള്‍. പ്രതികളെ വീണ്ടും ചോദ്യംചെയ്ത ശേഷം ഈ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.
Post Your Comments