Latest NewsCricketNewsIndiaSportsCrime

രോഹിത് ശർമയെ പിന്തുണച്ച കൂട്ടുകാരനെ കൊലപ്പെടുത്തി വിരാട് കോഹ്‌ലിയുടെ ആരാധകൻ

ചെന്നൈ: വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് സുഹൃത്തിനെ തല്ലിക്കൊന്ന് യുവാവ്. വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ? ആരാണ് കേമൻ? എന്ന ചോദ്യം തർക്കമാവുകയും ഒടുവിൽ കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ പൊയ്യൂരിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പി വിഘ്‌നേഷ് (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എസ് ധർമ്മരാജിനെ (21) പോലീസ് പിടികൂടി.

ചൊവ്വാഴ്ച രാത്രി മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തിരുന്ന്, രോഹിത് ശർമ്മ ആരാധകനായ വിഘ്‌നേഷും വിരാട് കോഹ്‌ലി ആരാധകനായ ധർമ്മരാജും ഐപിഎൽ ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ, വിഘ്‌നേഷ് ആർ‌.സി‌.ബിയെയും വിരാട് കോഹ്‌ലിയെയും പരിഹസിക്കുകയും രോഹിത് ശർമയേയും മുംബൈ ഇന്ത്യൻസിനെയും പുകഴ്ത്തുകയും ചെയ്തു. ഇതോടെ തർക്കം വലുതായി. കലിപൂണ്ട ധർമ്മരാജ് കൈയ്യിലിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്‌നേഷിനെ അടിക്കുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയിൽ മാരകമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കീലപ്പാളൂർ പോലീസ് പറഞ്ഞു.

‘ഇരുവരും മദ്യലഹരിയിലായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) വിഘ്‌നേഷ് മുംബൈ ഇന്ത്യൻസിനെ പിന്തുണച്ചിരുന്നു.ധർമ്മരാജ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) പിന്തുണക്കാരനായിരുന്നു. ചർച്ചയ്ക്കിടെ വിഘ്‌നേഷ് ആർസിബിയെയും വിരാട് കോഹ്‌ലിയെയും പരിഹസിച്ചു. ധർമ്മരാജന് വിക്കുണ്ട്. ഇത് പറഞ്ഞ് ധർമ്മരാജിനെ ബോഡി ഷെയിൻ ചെയ്യുന്ന ശീലം വിഘ്‌നേഷിനുണ്ടായിരുന്നു. ധർമ്മരാജിന്റെ സംസാര ബുദ്ധിമുട്ടുമായി ആർസിബി ടീമിനെ താരതമ്യപ്പെടുത്തി വിഘ്നേഷ് പാരിഹസിച്ചു. ഇതിൽ പ്രകോപിതനായ ധർമ്മരാജ് വിഘ്നേഷിനെ കുപ്പി കൊണ്ട് ആക്രമിക്കുകയും പിന്നീട് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയിൽ ഇടിക്കുകയുമായിരുന്നു. ധർമ്മരാജ് ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു’, പോലീസ് പറഞ്ഞു.

സമീപത്തെ സിഡ്‌കോ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പോലീസ് ധർമ്മരാജിനെയും പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button