വഴിയരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ലൈഫ് അടിപൊളി ആയി പോവുകയാണെന്നും അപകടത്തെ ഇപ്പോൾ അതിജീവിച്ചുവെന്നും ഹനാൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹനാൻ. നട്ടെല്ലിന് അപകടം പറ്റി കിടന്നപ്പോൾ ആൾക്കാരെ മോശമായ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നതെന്ന് ഹനാൻ ഓർത്തെടുക്കുന്നു.
‘അവരുടെ വീട്ടിലെ കുട്ടിയുടെ കാര്യം ആണ് വരുന്നതെങ്കിൽ പേടിക്കണ്ട, മാറുമെന്നാണ് അവർ പറയുക. എന്റെ കാര്യം ആയപ്പോൾ വേഗം കല്യാണം കഴിക്കണം. അല്ലെങ്കിൽ 30 വയസ്സ് ആകുമ്പോൾ വീണുപോകും എന്നൊക്കെ പറഞ്ഞവരുണ്ട്. പറഞ്ഞ് പറഞ്ഞ് 30 ആകുമ്പോൾ ഞാൻ മറിച്ച് പോകുമെന്നായി. നല്ല രീതിയിലുള്ള ചികിത്സയാണ് എനിക്ക് കിട്ടിയത്. എന്റെ ചികിത്സ നോക്കിയത് ശൈലജ ടീച്ചർ ആയിരുന്നു. എന്റെ ബോഡി മികച്ചതാക്കാൻ വേണ്ടിയാണ് ഞാൻ ജിമ്മിൽ പോയത്’, ഹനാൻ പറയുന്നു.
തനിക്ക് നേരെ വരുന്ന വിമർശനങ്ങളെയും ട്രോളുകളെയും ആ ഒരു സെൻസിലാണ് താൻ എടുക്കുന്നതെന്ന് ഹനാൻ പറയുന്നു. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹനാന് നേരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായി. മോശം അഭിപ്രായം പറയുന്നവരും വിമർശിക്കുന്നവരുമാണ് തന്നെ ഇത്രയും ശക്തയായി നിർത്താൻ കാരണമായതെന്നും, വസ്ത്രത്തിന്റെ പേരിൽ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും പറയാറില്ലെന്നും ഹനാൻ പറയുന്നു. കമന്റ്സ് കാണുമ്പോൾ വിഷമം ഉണ്ടാകാറില്ലെന്നും, വിമർശനങ്ങളിൽ ചിലതിനെ ഒക്കെ നല്ല രീതിയിൽ ആണ് നോക്കി കാണുന്നതെന്നും പെൺകുട്ടി പറയുന്നു.
Post Your Comments