കൊച്ചി: വെറും മൂഢന്മാരും, ഞരമ്പുരോഗികളും, ക്രിമിനലുകളുമായിട്ടുളള, ചിലയാളുകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന പേരാണ് ഭക്തരെന്ന് സന്ദീപാനന്ദ ഗിരി. ഇത്തരക്കാർക്ക് സമൂഹം ചാർത്തിക്കൊടുക്കുന്ന പേരാണ് വിശ്വാസിയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ഉള്ളവരല്ല ഭക്തർ. ഇലന്തൂരിലെ ഇരട്ട നരബലി കേസുമായി ബന്ധപ്പെട്ട് പ്രമുഖ ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു സന്ദീപാനന്ദ ഗിരി. കോമൺസെൻസ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നവർക്ക് മനസിലാകില്ലേ?. ഇവരുടെ നക്കാപ്പിച്ച കിട്ടിയിട്ട് വേണോ ദൈവത്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു.
‘അക്ഷയ തൃതീയയ്ക്ക് സ്വർണം മേടിച്ചാൽ എന്തോ കിട്ടും എന്ന് പറഞ്ഞുകൊണ്ടല്ലേ ഓടുന്നത്?. വിദ്യാഭ്യാസം ഉള്ളവർ തന്നെയല്ലേ? അന്ധവിശ്വാസത്തിന്റെ ചാണക കുഴിയിൽ ആണ് നമ്മൾ. അഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡ നായകെന്ന അയ്യപ്പൻ ബ്രഹ്മചാരിയാണ്, അതുകൊണ്ട് യുവതിയെ കണ്ട് കഴിഞ്ഞാൽ പ്രശ്നമാണ് എന്ന് പറഞ്ഞുള്ള കോലാഹലങ്ങൾ നമ്മൾ കണ്ടതല്ലേ? അപ്പോൾ ആരാണ് ഈ അയ്യപ്പൻ? അയ്യപ്പൻ അമ്പലത്തിൽ ഇരിക്കുന്ന ഒരു വിഗ്രഹം മാത്രമാണോ? അമ്പലത്തിലെ കേവലം ഒരു വിഗ്രഹം മാത്രമാണ് അയ്യപ്പൻ എന്ന് സ്ഥാപിക്കുമ്പോൾ ആണല്ലോ ഈ പ്രശ്നം. ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ ഇവിടെ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുള്ളത്?
അമ്പലത്തിൽ, ഗുരുവായൂരൊക്കെ എന്തെങ്കിലും തള്ളിക്കൊടുത്താൽ കൃഷ്ണൻ പ്രസാദിക്കുമെന്നോ? കൃഷ്ണനെന്താ അങ്ങനത്തെ ദരിദ്രവാസി ആണോ? ഇവരുടെ നക്കാപ്പിച്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആളാണോ കൃഷ്ണനും രാമനും ശിവനുമൊക്കെ? ഈശ്വര സങ്കൽപ്പത്തെ കുറിച്ച് ഇവരെന്താണ് ധരിച്ചിരിക്കുന്നത്? കൈക്കൂലി വാങ്ങി കാര്യങ്ങൾ നടത്തുന്ന തല്ലിപ്പൊളി ഉദ്യോഗസ്ഥരുടെ നിലവാരത്തിലേക്കല്ലേ ഇവർ ദൈവങ്ങളെ കാണുന്നത്?’, സന്ദീപാനന്ദ ഗിരി ചോദിക്കുന്നു.
Post Your Comments