KeralaCinemaMollywoodLatest NewsNewsEntertainment

‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന്‍ ബഹളമുണ്ടാക്കി, ഒടുവിൽ ഞാൻ അദ്ദേഹത്തിന്റെ കാലില്‍ സ്രാഷ്ടാങ്കം വീണു’: അര്‍ച്ചന

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. സിനിമയിലും താരം സജീവമാണ്. ചെറിയ പ്രായം മുതൽ സിനിമാമേഖലയിൽ ഉള്ള ആളാണ് അർച്ചന. നിലവിൽ ഒരു സീരിയലിൽ അഭിനയിക്കുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് ഡെഡിക്കേഷന്‍ ഇല്ലെന്നും താന്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ നടന്റെ കാല് തൊട്ട് വന്ദിക്കാത്തതിന് നേരിടേണ്ടിവന്ന അനുഭവവും താരം അഭിമുഖത്തിലൂടെ പങ്കുവെക്കുന്നു.

‘പ്രൊഫഷണലിയും പേഴ്സണലിയും എനിക്ക് വലിയ ഇഷ്ടപ്പെട്ട ആരുമില്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. പണ്ടൊക്കെ സീരിയലില്‍ അഭിനയിച്ചിട്ട് പോയാലും ആ ബന്ധം സൂക്ഷിക്കും. ഇപ്പോഴത്തെ സീരിയലിലെ പുതിയ പിള്ളേര്‍ക്ക് ഒരു ഡെഡിക്കേഷനും ഇല്ല. ഇക്കാര്യം എവിടെ പറയാനും എനിക്ക് മടിയില്ല. അവര്‍ എന്തോ സെലിബ്രിറ്റി ആവാന്‍ വേണ്ടി വന്നത് പോലെയാണ്. നക്ഷത്രക്കണ്ണുള്ള രാജകുമാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരു സംഭവം ഉണ്ടായി.

ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നരേന്ദ്ര പ്രസാദ് സാര്‍ അവിടെ ഇരിപ്പുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. അവിടെ എങ്ങനെയാണെന്നൊന്നും അറിയില്ല. എനിക്കന്ന് പതിനാറ് വയസ് കാണും. പുള്ളി വില്ലന്‍ കഥാപാത്രം ചെയ്യുന്ന ആളായത് കൊണ്ട് ഒരു പേടിയും ഉള്ളിലുണ്ട്. ആദ്യത്തെ ദിവസം കണ്ടു, പിറ്റേ ദിവസം അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. ഇതിനിടയില്‍ ഇത് അര്‍ച്ചന. നമ്മുടെ പുതിയ ആര്‍ട്ടിസ്റ്റാണ്, അടുത്ത നായികയാവാനുള്ള കൊച്ചാണെന്ന് ഡയറക്ടര്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തു. പുള്ളി എന്നെ ഒന്ന് നോക്കി. പിന്നെ ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും പെരുമാറാന്‍ അറിയില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. എന്നെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം ഒച്ച ഉണ്ടാക്കിയതെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.

പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഞാനത് ചെയ്തില്ല. അതിന്റെ ഒച്ചപ്പാടാണ് നടന്നത്. പിന്നെ അദ്ദേഹത്തിന്റെ കാലില്‍ സ്രാഷ്ടാങ്കം വീണു. ഇതോടെ നല്ല സൗഹൃദമായി. ആ ചിത്രത്തില്‍ ജഗതി ചേട്ടനും ഉണ്ടായിരുന്നു. അവരെല്ലാവരോടും നല്ല കമ്പനിയായി. ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്. അവരെന്തോ ആണെന്നുള്ള ഒരു വിചാരത്തിലാണ് വന്നിരിക്കുന്നത്. അഹങ്കാരം കാണിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഞാന്‍ മരിച്ചാലും ഐശ്വര്യ റായി മരിച്ചാലും എല്ലാം ഒരുപോലെയാണ്. എല്ലാവരും ഒരിടത്തേക്ക് മാത്രമേ പോവുകയുള്ളൂ’, അര്‍ച്ചന വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button