തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്തയുടെ നടപടിയിൽ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ കെ ശൈലജയുടേയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥത കാരണം സംസ്ഥാനത്ത് 7,000ത്തിലേറെ കൊവിഡ് മരണങ്ങളാണ് നടന്നതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ചൂണ്ടിക്കാട്ടിയ സത്യങ്ങളൊക്കെയും ശരിയാവുകയാണെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കെ കെ ശൈലജയുടെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥത കാരണം 70000-ൽ ഏറെ കോവിഡ് മരണങ്ങളാണ് കേരളത്തിൽ നടന്നത്.
ആരോഗ്യരംഗത്ത് മികവ് ഉണ്ടായിരുന്നിട്ടും ഫലപ്രദമായി കോവിഡിനെ നേരിടാൻ കേരളത്തിന് കഴിയാതെ പോയത് ആരോഗ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും കഴിവില്ലായ്മ കൊണ്ട് മാത്രമാണ്.
ജനം മരണ ഭയംകൊണ്ട് നെട്ടോട്ടമോടുമ്പോൾ കോടികളുടെ അഴിമതിയാണ് ആരോഗ്യവകുപ്പിൽ കെ കെ ശൈലജയും പിണറായി വിജയനും ചേർന്ന് നടത്തിയത് .ഈ അഴിമതി കേസുകളിൽ നടപടി ഉണ്ടാകാതിരിക്കാൻ ആണ് പിണറായി വിജയൻ ലോകായുക്തയെ വന്ധ്യംകരിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിളിച്ചു പറഞ്ഞ സത്യങ്ങളൊക്കെയും ശരിവെക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.ദുരന്തകാലത്ത് ഈ നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും നിയമനടപടികൾ നേരിടുന്നതോടൊപ്പം പൊതുസമൂഹത്തിനോട് മാപ്പ് പറയാനും തയ്യാറാകണം.
Post Your Comments