KeralaLatest NewsNews

മൂവാറ്റുപുഴയെ മാലിന്യ മുക്തമാക്കാൻ ഹരിതം മൂവാറ്റുപുഴ പദ്ധതി

എറണാകുളം: മൂവാറ്റുപുഴ നഗരസഭയെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിര്‍വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് അദ്ധ്യക്ഷത വഹിച്ചു. ഹരിത മിഷനുമായി സഹകരിച്ചാണ് നഗരസഭാ പരിധിയിൽ പദ്ധതി നടപ്പിലാക്കുന്നത്.

ഇതോടനുബന്ധിച്ച് നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ പ്രഖ്യാപനം ഫാ. ആന്റണി പുത്തന്‍കുളം നിർവഹിച്ചു. മാലിന്യരഹിത തെരുവോരം പ്രഖ്യാപനം മുന്‍ എം.എല്‍.എ ജോണി നെല്ലൂരും, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രഖ്യാപനം മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാവും പരിശുദ്ധ ദേവാലയ പ്രഖ്യാപനം ഫാ. ജോര്‍ജ് മാന്തോട്ടവും നിര്‍വഹിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട സേവന പത്രിക ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ധന്യ റാണി കൈമാറി. ഹരിതം മൂവാറ്റുപുഴ പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച് ചാലിക്കടവ് ജംഗ്ഷനിൽ നിന്ന് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി കേഡറ്റുകള്‍, എസ്.പി.സി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബ ശ്രീ എ.ഡി.എസുകള്‍,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വാക്കിംഗ് ക്ലബ്ബ്, റസിഡന്റ്സ് അസോസിയേഷൻ, വർക്ക് ഷോപ്പ് അസോസിയേഷൻ
തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍, ഹരിതസേന പ്രവർത്തകര്‍, നഗരസഭാ കൗൺസിലർമാര്‍, രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് തുണി സഞ്ചികള്‍ വിതരണം ചെയ്തു. വൃത്തിയുള്ള വീടും നാടും എന്ന സന്ദേശമാണ് പരിപാടിയിലൂടെ നല്‍കിയത്.

പരിപാടിയിൽ നഗരസഭ വൈസ് ചെയര്‍പഴ്സൻ സിനി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എം. അബ്ദുള്‍ സലാം, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ്, സംഘാടക സമിതി കണ്‍വീനര്‍ കെ.ജി. അനില്‍ കുമാര്‍, സി.ഡി.എസ് ചെയര്‍പഴ്സണ്‍ പി.പി നിഷ, പേട്ട ജുമാമസ്ജിദ് ഇമാം സാബിര്‍ മുഹമ്മദ് ബാഖവി, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി അഡ്വ. അനില്‍ കുമാര്‍,മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുംഗല്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി റസാഖ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷിജു മുത്തേടം പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button