
കൂത്തുപറമ്പ് : സ്‌കൂള്‍വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ തൊക്കിലങ്ങാടി കുട്ടിക്കുന്നിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. വാന്‍ഡ്രൈവര്‍ രാജേഷിനും വാഹനത്തിലുണ്ടായിരുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്.
ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ഡ്രൈവറെയും രണ്ട് വിദ്യാര്‍ത്ഥികളെയും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികത്സക്ക് ശേഷം വിദ്യാര്‍ത്ഥികളെ വിട്ടയച്ചു.
സ്‌കൂളില്‍ നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാനില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാന്‍ തലകീഴായി മറിയുകയായിരുന്നു. ഇതിനിടെ വാനിടിച്ച് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ സംരക്ഷണവേലി തകര്‍ന്നു. നാട്ടുകാര്‍ ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന്, കൂത്തുപറമ്പ്-മട്ടന്നൂര്‍ റൂട്ടില്‍ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് വാന്‍ റോഡില്‍ നിന്ന് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments