കാസര്‍കോട്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യെ സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു ബബിയയുടെ സംസ്‌കാര ചടങ്ങുകള്‍ ക്ഷേത്രപരിസരത്ത് വെച്ചു നടത്തിയത്. ബബിയയെ യാത്രയാക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഞായര്‍ രാത്രി പത്തോടെ മുതല കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മുതല മരിച്ചത് സ്ഥിരീകരിക്കുന്നത്.
ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തർക്ക് കൗതുക കാഴ്ചയായിരുന്നു ഏവരോടും ഏറെ ഇണക്കത്തോടെ പെരുമാറിയിരുന്ന ഈ മുതല. അതേസമയം, ബബിയയുടെ ദര്‍ശനം തനിക്ക് മൂന്നു തവണ ലഭിച്ചിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ആരെയും ഉപദ്രവിക്കാത്ത മുതലയാണ് ബബിയ. ഭക്തിനിര്‍ഭരമായി വിളിച്ചാല്‍ അത് ദര്‍ശനം കൊടുക്കും. മൂന്ന് തവണ ഭാര്യയും കുട്ടികളുമായി അവിടെ പോയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ക്ഷേത്രത്തിലെ വിശ്വാസികളാണ് ജനപ്രതിനിധിയെന്ന നിലയില്‍ ബബിയയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. ബബിയയുടെ രൂപം ലോഹത്തില്‍ നിര്‍മിച്ച് സ്ഥാപിക്കാനാണ് ആലോചനയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ബബിയയ്ക്ക് 80 വയസ്സുണ്ടെന്നു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പ്രായാധിക്യം മൂലം ശനിയാഴ്ച ഉച്ചയോടെയാണു ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. 2 ദിവസം മുന്‍പ് മംഗളൂരുവില്‍ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments