പത്തനംതിട്ട: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ സി.പി.എം പ്രവർത്തകനും. നാട്ടുകാർക്ക് മുന്നിൽ നല്ലവനായ ഉണ്ണിയായിരുന്നു ഈ സഖാവ്. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മൽ വൈദ്യനും നാട്ടുകാര്‍ക്കിടയിൽ വലിയ സ്വീകാര്യനുമായിരുന്നു. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
സാംസ്കാരിക കൂട്ടായ്മകളിലെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിംഗ് പ്രദേശത്തെ സജീവ സി.പി.എം പ്രവര്‍ത്തകനാണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. സാംസ്‌കാരിക നായകരും, കേസരികളും, കവികളും, നവോത്ഥാന സിംഹികളും ഇയാളുടെ ഫ്രണ്ട്സ് ആണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നത് ഗൗരവതരമാണെന്നും, ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്.
Post Your Comments