കൊല്ലം: കൊല്ലം തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പോലീസ് കേസെടുത്തിരുന്നു. ഇത് കൂടാതെ, സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പോലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു.
ഇതിന് പിന്നാലെയാണ് സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പോലീസ് കേസെടുത്തത്. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.
ഒപ്പം അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എ.സി.പി, സി.ഡബ്ല്യൂ.സി ജില്ലാ ചെയര്‍മാൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് ഇരുവരെയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി.
Post Your Comments