സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിൽ പങ്കാളി പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സ്ത്രീയുടെ രതിമൂർച്ഛ. ശാരീരികമായും മാനസികമായും ലൈംഗികത സ്ത്രീയും ആസ്വദിച്ചോ എന്ന് പുരുഷൻ ചിന്തിക്കാറില്ല. സ്വന്തം കാര്യം കഴിഞ്ഞു തിരിഞ്ഞുകിടന്നുറങ്ങുന്ന പുരുഷകേസരികളാണ് ഭൂരിപക്ഷം ആളുകളും. പുരുഷന് ഒരു തവണ മാത്രം രതിമൂർച്ഛ ഉണ്ടാകുമ്പോൾ, ഒരേ ലൈംഗിക ബന്ധത്തിൽ തന്നെ നിമിഷനേരത്തിന്റെ ഇടവേളകൾക്കുള്ളിൽ ഒന്നിൽ കൂടുതൽ ഓർഗാസം അനുഭവിക്കാൻ സ്ത്രീകൾക്ക് കഴിയും. സ്ത്രീകളുടെ രതിമൂർച്ഛയെപ്പറ്റി നസീർ ഹുസൈൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.
read also: ലോക മാനസികാരോഗ്യ ദിനം: മാനസികാരോഗ്യത്തെക്കുറിച്ചുള്ള പ്രചോദനാത്മകമായ 6 ഉദ്ധരണികൾ
കുറിപ്പ് പൂർണ രൂപം
ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും എന്ന ഹൈക്കോടതി വിധി, പ്രായോഗികമായി എങ്ങിനെ നടപ്പിലാക്കുമെന്ന് ആശങ്ക നിലനിൽക്കുമ്പോൾ തന്നെ, സ്വാഗതാർഹമാണ്. പക്ഷെ പരസ്പര സമമതമുള്ള ലൈംഗിക ബന്ധങ്ങളിൽ പോലും പലരും വിസ്മരിച്ചു പോകുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂർച്ഛ.
വളരെ നാളുകളായി ഇന്ത്യപോലുള്ള പുരുഷാധിപത്യ സമൂഹങ്ങളിൽ ലൈംഗികബന്ധത്തിന്റെ ലക്‌ഷ്യം തന്നെ പുരുഷന്റെ രതിമൂർച്ചയാണ്. സ്വന്തം കാര്യം കഴിഞ്ഞു തിരിഞ്ഞുകിടന്നുറങ്ങുന്ന പുരുഷകേസരികളായിരുന്നു ഭൂരിപക്ഷം ആളുകളും എന്നത്കൊണ്ട് സ്ത്രീകളുടെ രതിമൂര്ച്ഛയെ കുറിച്ചുള്ള ഗവേഷണകളും കണ്ടുപിടുത്തങ്ങളും വളരെ വൈകിയാണ് നടന്നത്. സ്ത്രീയുടെ ലൈംഗിക അവയവം യോനി മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും.
പുരുഷന്റെ ലൈംഗിക അവയവം പ്രത്യത്പാദനത്തിന് വേണ്ടി പുരുഷബീജങ്ങളെ ശരീരത്തിന്റെ ഊഷ്മാവിനേക്കാൾ കുറഞ്ഞ ഊഷ്മാവിൽ സൂക്ഷിക്കാൻ വേണ്ടി, ശരീരത്തിന്റെ പുറത്താണെങ്കിൽ, ഏതാണ്ട് പുരുഷ ലൈംഗികാ അവയവത്തിനോട് തുല്യമായ ഘടനയുള്ള സ്ത്രീ ലൈംഗിക അവയവം ഭൂരിഭാഗം ശരീരത്തിന് അകത്താണ്.
സ്ത്രീ ലൈംഗിക അവയവത്തിന്റെ മുഴുവൻ ഘടന തിരിച്ചറിഞ്ഞത് ഈയടുത്ത് 1998 ൽ മാത്രമാണ്. ഓസ്‌ട്രേലിയയിലെ Helen O’Connell എന്ന ഡോക്ട്ടർ സ്ത്രീ ലൈംഗിക അവയവം മുഴുവനായി 3D അൾട്രാസൗണ്ട് നടത്തി മാപ് ചെയ്തപ്പോൾ കണ്ടുപിടിച്ച ഒരു കാര്യം അത്ഭുതപെടുത്തുന്നതായിരുന്നു. പുരുഷന്റെ ലിംഗത്തിന് സമാനമായ ഒരു അവയവമാണു സ്ത്രീയുടെ ക്ലിറ്റോറിസ്. പുറത്ത് കാണുന്ന ഭാഗമാ ഒരു മഞ്ഞുമലയയുടെ വെറും തുമ്പ് മാത്രമാണ്. പുരുഷ ലിംഗം പോലെ രക്തം നിറഞ്ഞു ഉദ്ധാരണം സംഭവിക്കുന്ന ഒരു അവയവമാണു ക്ലിറ്റോറിസ്. മാത്രമല്ല, പുരുഷന്റെ ലിംഗത്തിന്റെ അഗ്രത്തിലുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി നാഡി ഞരമ്പുകൾ ക്ലിറോറിസിന്റെ അഗ്രഭാഗത്ത് ഉണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള അറിവുകൾ അനുസരിച്ച് യോനിയിൽ കൂടിയല്ല ഭൂരിപക്ഷം സ്ത്രീ ലൈംഗിക മൂർച്ച സംഭവിക്കുന്നത്, മറിച്ച് പലപ്പോഴും സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടാകുന്നത് ക്ലിറ്റോറിസ് ഉത്തേജിപ്പിക്കപ്പെടുന്നത് കൊണ്ടാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം പുരുഷന് ഒരു തവണ മാത്രം രതിമൂർച്ഛ ഉണ്ടാകുമ്പോൾ, സ്ത്രീകൾക്ക് ഒരേ ലൈംഗിക ബന്ധത്തിൽ തന്നെ നിമിഷനേരത്തിന്റെ ഇടവേളകൾക്കുള്ളിൽ ഒന്നിൽ കൂടുതൽ ഓർഗാസം അനുഭവിക്കാൻ സ്ത്രീകൾക്ക് കഴിയും. ( ഒരിക്കൽ കൂടി പരിണാമപരമായ കാരണം ഇതിന്റെ പിറകിലുണ്ട്, അതിന്റെ പറ്റി ഞാൻ മുൻപെഴുതിയിട്ടുണ്ട്).
ഇതൊക്കെ ശരിയാണെങ്കിൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് പലപ്പോഴും ഓർഗാസം ഉണ്ടാകാത്തതും, പുരുഷന്മാർക്ക് ഏതാണ്ട് എല്ലാ തവണയും രതിമൂർച്ഛ ഉണ്ടാകുന്നതും? ഇതിന്റെ ഉത്തരം ഇപ്പോഴും വലിയ ചർച്ചകൾക്ക് വഴിവേക്കുന്ന ഒന്നാണ്. പുരുഷ കേന്ദ്രീകൃത സമൂഹങ്ങളിൽ സ്ത്രീയുടെ രതിമൂർച്ഛ ഒരു പ്രാധാന്യമുള്ള കാര്യമായി കണക്കാക്കിയിരുന്നില്ല എന്നതാണ് ഒരു കാരണം. ഇന്നത്തെ കിടപ്പറകളിൽ പലപ്പോഴും ലൈംഗിക ബന്ധം പുരുഷന്റെ മാത്രം ആവശ്യമായിട്ടാണ് നടന്നു വരുന്നത്. പകരം പുരുഷൻ സ്ത്രീയുടെ രതിമൂർച്ഛയ്ക്ക് കൂടി പ്രാധാന്യം കൊടുത്ത് അതിനനുസരിച്ചുള്ള ഫോർപ്ലേ എല്ലാം ചെയ്താൽ ഒരുപക്ഷെ സ്ത്രീകളുടെ രതിമൂര്ച്ഛയുടെ തോത് പുരുഷന്മാരേക്കാൾ കൂടുതൽ കൂടാനാണ് സാധ്യത.
മറ്റൊരു കാരണം പുരുഷ രതിമൂർച്ച പുനരുല്പാദത്തിന് ആവശ്യമാണെങ്കിൽ സ്ത്രീകളുടെ രതിമൂർച്ഛ പുനരുത്പാദനത്തിന് ആവശ്യമേ ഒരു കാര്യമല്ല. അതുകൊണ്ടു കൂടിയായിരിക്കണം ഇതൊരു പ്രധാനപ്പെട്ട ചർച്ചാവിഷയമായി മാറാത്തത്. സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടായാൽ മാത്രമേ കുട്ടികൾ ഉണ്ടാവുകയുള്ളൂ എന്നൊരു അവസ്ഥയായിരുനെങ്കിൽ എന്നാലോചിച്ച് നോക്കൂ.
മറ്റൊന്ന് നമ്മുടെ സമൂഹം സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് തെറ്റാണ് എന്നൊരു റ്റാബു ഉണ്ടാക്കിവച്ചത് കൊണ്ടാണ്. ഇങ്ങിനെ സംസാരിക്കുന്ന സ്ത്രീകളെ slut shame ചെയ്യാൻ സമൂഹത്തിൽ പുരുഷന്മാരുടെ കൂടെ ചിലപ്പോൾ മറ്റു സ്ത്രീകൾ കൂടിയുണ്ടാകും.
പക്ഷെ എന്തുകൊണ്ടാണ് സ്തീകളുടെ രതിമൂർച്ഛ ഒരു അവകാശമാണെന്ന് പറയുന്നത്? ലൈംഗിക ബന്ധത്തിനും രതിമൂര്ച്ഛയ്ക്കും പല ഗുണങ്ങളുണ്ട്. ചിലത് താഴെ കൊടുക്കുന്നു. ഇതെല്ലം പുരുഷന് മാത്രം കിട്ടിയാൽ പോരല്ലോ, ഒരു പാലം ഇടുമ്പോൾ ഒരു ഭാഗത്തേക്ക് മാത്രം യാത്ര പോയാൽ പോരല്ലോ..
1. രതിമൂർച്ഛ പങ്കാളികൾ തമ്മിലുള്ള ബന്ധവും വിശ്വാസവും കൂട്ടുന്നു. എൻഡോർഫിൻ , ഓക്‌സിടോസിൻ എന്നീ രണ്ട് ഹോർമോണുകളാണ് ലൈംഗിക ബന്ധ സമയത്ത് ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ എൻഡോർഫിൻ എന്നത് നമ്മൾ ജിമ്മിൽ പോയി കുറെ ഓടിക്കഴിയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അതെ ഹോർമോണാണ്. വേദന കുറക്കുന്നത് മുതൽ നമ്മുടെ സ്ട്രെസ് കുറക്കാൻ വരെ ഈ ഹോർമോണിന്റെ സാന്നിധ്യം സഹായിക്കും. പരസ്പര വിശ്വാസം, പ്രണയം തുടങ്ങിയ വിശ്വാസങ്ങളുടെ പിറകിൽ ഓക്‌സിടോസിൻ എന്ന ഹോർമോണിന്റെ കാര്യങ്ങൾ ഉണ്ട്. പങ്കാളികൾ വഴക്കിട്ടിരുന്ന സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വഴക്ക് പെട്ടെന്ന് മാറുന്നത് ഇതുകൊണ്ടാണ്. Makeup sex എന്നൊരു വാക്ക് തന്നെയുണ്ട് ഇംഗ്ലീഷിൽ.
2. DHEA എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നത് കൊണ്ട് നിങ്ങളുടെ പ്രതിരോധശേഷി കൂടുന്നു.
3. പ്രോലാക്റ്റിൻ എന്ന ഹോർമോൺ ലൈംഗിക ബന്ധത്തിന് ശേഷം നന്നായി ഉറങ്ങാൻ സഹായിക്കുന്നു.
4. ലൈംഗിക ബന്ധം ഹൃദയത്തിന്റെ ആരോഗ്യം കൂട്ടുന്നു.
5. Collagen എന്ന പ്രോട്ടീൻ ഉല്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് നിങ്ങൾ കൂടുതൽ യൗവ്വനയുക്തയായിരിക്കുന്നു.
ഇങ്ങിനെ പറയാൻ പോയാൽ കുറെ കാര്യങ്ങളുണ്ട്. തങ്ങളുടെ രതിമൂർച്ഛ ഒരവകാശമായി ചോദിച്ച് വാങ്ങാൻ സ്ത്രീകൾക്ക് കഴിയട്ടെ.
അടിക്കുറിപ്പ് 1 : ശംഖുപുഷ്പത്തിന്റെ ഇംഗ്ലീഷ് പേരെന്താണ് എന്നറിയാമോ? ഗൂഗിൾ ചെയ്തു നോക്കൂ, പേരിനോടൊപ്പം ശംഖുപുഷ്പത്തിന്റെ ചിത്രവും കണ്ടുകഴിയുമ്പോൾ
‘ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും’ എന്ന് കവി എഴുതിയത് വെറുതെയല്ല എന്ന് മനസിലാകും… ?
അടിക്കുറിപ്പ് 2 : സ്ത്രീകളുടെ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂർച്ചകളെ കുറിച്ചുമുള്ള പഠനങ്ങൾ വളരെ പരിമിതമായിട്ടാണ് നടന്നിട്ടുള്ളത്. ഉദാഹരണത്തിന് ചില സ്ത്രീകളിൽ കണ്ടുവരുന്ന സ്ക്വിർട്ടിങ് എന്ന പ്രതിഭാസത്തെ കുറിച്ച് ഇപ്പോഴും മെഡിക്കൽ ഫീൽഡിൽ ഒരു വ്യക്തമായി ശാസ്ത്രീയ ധാരണ ഉണ്ടെന്ന് തോന്നുന്നില്ല. ചൊവ്വയിൽ വരെ റോക്കറ്റ് വിടുന്ന നമ്മൾക്കു നമ്മുടെ സ്ത്രീകളുടെ ലൈംഗിക ശരീരത്തെ കുറിച്ചും മനസിനെ കുറിച്ചും വലിയ പിടിയില്ല എന്നതാണ് യാഥാർഥ്യം.
Post Your Comments