കൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസിൽ നടത്തണമെന്ന് നടി രഞ്ജിനി. സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ അപേക്ഷയെന്ന് നടി ഫേസ്‌ബുക്കിൽ കുറിച്ചു.
കെ.എസ്.ആർ.ടി.സി ബസിൽ വിനോദയാത്ര നടത്തിയാൽ, ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് നടി ചൂണ്ടിക്കാട്ടുന്നു. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡി.സിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും താരം ചോദിക്കുന്നു.
അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും വാഹനങ്ങളിൽ ഉപയോഗിക്കരുത്.ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments