ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ളവരാണ് സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ, താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍.
മത്സരത്തിലെ അവസാന ഓവറില്‍ സഞ്ജു സാംസണ്‍ ക്രീസില്‍ നില്‍ക്കേ ഇന്ത്യ വിജയിക്കുമെന്ന് താന്‍ ഭയന്നിരുന്നതായി സ്റ്റെയ്‌ന്‍ പറയുന്നു. യുവ്‌രാജ് സിംഗിനെ പോലെ ആറ് പന്തും സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നും മത്സരത്തില്‍ താരം അത്രത്തോളം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും സ്റ്റെയ്‌ന്‍ വ്യക്തമാക്കി.
‘ഇങ്ങനെ സംഭവിക്കാന്‍ പാടില്ല എന്നായിരുന്നു 39-ാം ഓവറിലെ അവസാന പന്തില്‍ കാഗിസോ റബാഡ നോബോള്‍ എറിയുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്. ഫോമും താരത്തിന്‍റെ ആത്മവിശ്വാസവും പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണെ പോലൊരാളെ എഴുതിത്തള്ളാനാവില്ല. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ഞാന്‍ കണ്ടതാണ്. പ്രത്യേകിച്ച് അവസാന രണ്ട് ഓവറുകളില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ബൗണ്ടറി നേടാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അവിസ്‌മരണീയമാണ്.
‘റബാഡ നോബോള്‍ എറിഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. കാരണം മുപ്പതിലധികം റണ്‍സ് ആവശ്യമുള്ളപ്പോള്‍ ആറ് പന്തുകളും സിക്‌സര്‍ പറത്തി ടീമിനെ വിജയിപ്പിക്കാന്‍ യുവിയെ പോലെ കഴിവുള്ള താരമാണ് സഞ്ജു. തബ്രൈസ് ഷംസിയാണ് അവസാന ഓവര്‍ എറിയാന്‍ പോകുന്നത്. എത്രത്തോളം മോശം ദിനമാണ് ഷംസിക്കെന്ന് സഞ്ജുവിന് നന്നായി അറിയാമായിരുന്നു’ സ്റ്റെയ്‌ന്‍ പറഞ്ഞു.
Read Also:- തിമിരപ്രശ്‌നങ്ങള്‍ അകറ്റാൻ നെല്ലിക്ക
ലഖനൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74*) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. 63 പന്തില്‍ 86 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
Post Your Comments