Latest NewsIndiaNews

പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്‌നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍

പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു

നോയിഡ: പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിനു നേരെ യുപി പൊലീസിന്റെ എന്‍കൗണ്ടര്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ടിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷനില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. യുപിയിലെ ലുക്‌സര്‍ ഗ്രാമത്തിലുള്ള ഒരു കുടുംബത്തിലെ പതിനൊന്നുകാരനെയാണ് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

Read Also: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് അപകടം : നാല് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്

കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയതായി ശനിയാഴ്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയെ കാണാതായതായി വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ, കിഡ്‌നാപ്പിംഗ് സംഘം വീട്ടുകാരോട് 30 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മേഖലയില്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ക്ക്, അവര്‍ ആവശ്യപ്പെട്ട തുക പറഞ്ഞയിടത്ത് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കുടുംബം എത്തിച്ചു. എന്നാല്‍, പണം നിറച്ച ബാഗ് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സംഘം കുട്ടി മറ്റൊരിടത്തുണ്ടെന്നും അവിടെ ചെന്ന് കൊണ്ടുപോകാനും ആവശ്യപ്പെട്ടു. ഇതെല്ലാം പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാവിലെ ഏഴുമണിയോടെ, കുട്ടി സുരക്ഷിതനായി വീട്ടിലെത്തിയ ശേഷമായിരുന്നു പൊലീസ് എന്‍കൗണ്ടറിലേക്ക് കടന്നത്.

റോഡില്‍ വാഹനപരിശോധന ശക്തമാക്കിയ പൊലീസ് സംഘം ലുക്‌സാര്‍ ഗ്രാമത്തിന് സമീപം മോട്ടോര്‍ സൈക്കിളില്‍ വന്നവരെ തടഞ്ഞപ്പോള്‍ ഇവര്‍ പൊലീസിന് നേരെ നിറയൊഴിച്ചു. ഇതോടെ തിരിച്ചും ആക്രമണം ആരംഭിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഇരുവരെയും കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി. ഇതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാം പ്രതിയ്ക്കായി പൊലീസ് വലവിരിച്ചു. ഇതാണ് രണ്ടാമത്തെ ഏറ്റുമുട്ടലില്‍ കലാശിച്ചത്.

മൂന്നാം പ്രതിയെ അണ്ടര്‍പാസിന് സമീപത്തുവച്ചാണ് പൊലീസ് കുരുക്കിയത്. ഇയാളും പൊലീസിന് നേരെ നിറയൊഴിച്ചു. പൊലീസ് തിരിച്ചടിയില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. മൂന്നാം പ്രതിയുടെ കൈവശം 29 ലക്ഷം രൂപയുണ്ടായിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button