തിരുവനന്തപുരം: സഹപാഠി നല്‍കിയ ആസിഡ് കലര്‍ത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. കന്യാകുമാരി ജില്ലയില്‍ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്റെ (11) ഇരു വൃക്കകളും തകരാറിലായ നിലയിലാണ്. വിദ്യാര്‍ത്ഥിയുടെ ആന്തരികാവയവങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
Read Also: തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന്‍ അബ്ദുള്ളാഹി യാരെയെ വ്യോമാക്രമണത്തില്‍ വധിച്ചു
കഴിഞ്ഞ 24-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിലാണ് അശ്വിന്‍ പഠിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സഹപാഠിയായ വിദ്യാര്‍ത്ഥി അശ്വിന് ജ്യൂസ് നല്‍കുകയായിരുന്നു. ഇത് കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നിയതിനാല്‍ കുറച്ച് മാത്രമേ കുടിച്ചുള്ളൂ എന്ന് അശ്വിന്‍ പറഞ്ഞു.
അടുത്ത ദിവസം അശ്വിന് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയും, ഛര്‍ദ്ദിയും, ശ്വാസംമുട്ടലും അനുഭവപ്പെട്ട കുട്ടിയെ അടുത്ത ദിവസം തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. വിശദ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ആസിഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. നിലവില്‍ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അശ്വിന്റെ അന്നനാളത്തിനും വന്‍കുടലിനും പൊള്ളലേറ്റിട്ടുണ്ട്.
അശ്വിന്റെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തത് എന്നും, എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്വിന് കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ഇവര്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments