
ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം രാമചന്ദ്രൻ (അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.
ഭരതൻ സംവിധാനം ചെയ്ത വൈശാലി, അരവിന്ദൻ സംവിധാനം ചെയ്ത വാസ്തുഹാര, ഹരികുമാർ-എം.ടി ടീമിന്റെ സുകൃതം, സിബി മലയിൽ സംവിധാനം ചെയ്ത ധനം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. 13 ചിത്രങ്ങളിൽ അഭിനയിച്ചു.
1942 ജൂലൈ 31ന് തൃശൂരിൽ ജനിച്ചു. ബാങ്കിങ് മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക് പോയി. അവിടെയാണ് അറ്റ്‌ലസ് ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങിയത്. സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളികൾക്ക് സുപരിചിതനായി. ഇന്ദിരയാണ് ഭാര്യ. രണ്ട് മക്കൾ.
Post Your Comments