Latest NewsKeralaNews

‘എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണം’: അച്ഛനോട് ചെറിയ പരിഭവമുണ്ടെന്ന് അറ്റ്‌ലസ് രാമചന്ദ്രന്റെ മകൾ

അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍. എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്ന് മഞ്ജു പറഞ്ഞു. ഒപ്പം അച്ഛനോട് തനിക്ക് ചെറിയ ഒരു പരിഭവം ഉണ്ടെന്നും മഞ്ജു പറയുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദുബായില്‍ സംസ്‌കരിച്ചതിന് ശേഷം നടന്ന അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

മഞ്ജുവിന്റെ വാക്കുകൾ:

‘സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. എല്ലാവരുടെയും ഹൃദയത്തില്‍ അച്ഛന് ഒരിടം കൊടുത്തു. അച്ഛനെ നേരില്‍ കാണാത്ത ആളുകള്‍ പോലും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അച്ഛനുമായി എനിക്കുണ്ടായ ബന്ധം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ചേര്‍ന്നതായിരുന്നു. കൊച്ചു കുട്ടികളെപ്പോലെ എന്നോട് വഴക്കടിക്കും. കുറച്ച് കഴിഞ്ഞാല്‍ ഫോണില്‍ വിളിക്കും. അച്ഛന് സ്‌നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എനിക്ക് അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, അദ്ദേഹം മറ്റുള്ള അച്ഛന്‍മാര്‍ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ട്, എന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നല്‍കിയിട്ടില്ല.

ജ്വല്ലറിയില്‍ ഞാന്‍ ജോലിക്കു കയറിയപ്പോള്‍ അച്ഛന്‍ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്. യാതൊരു പരിഗണനയും നല്‍കിയില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ എന്നെ പ്രാപ്തയാക്കി. വിവാഹം കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത് നിന്റെ ജീവിതത്തില്‍ ഞാന്‍ ഇടപെടാന്‍ വരില്ലെന്നാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് എനിക്ക് ഛര്‍ദ്ദിയാണെന്നും വയ്യെന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗര്‍ഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛന്‍ പറഞ്ഞു.

എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ ദുബായില്‍ നിന്ന് എന്നെ കാണാന്‍ തിരുവനന്തപുരത്തേക്ക് വന്നു. അച്ഛന്‍ പെട്ടി തുറന്നപ്പോള്‍ അതില്‍ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛന്‍ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും’, മഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button