KeralaLatest NewsNews

ധനലക്ഷ്മി ബാങ്കിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചെയര്‍മാനെ ലഭിച്ചു, പുതിയ ചെയര്‍മാന്‍ ധനമന്ത്രിയുടെ സഹോദരന്‍

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് പുതുജീവന്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്കിന് പുതിയ ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍ മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയില്‍ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കുകയായിരുന്നു. നിയമനം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.

Read Also: തന്നെ വ്യക്തിപരമായി താറടിക്കാൻ ചിലർ ശ്രമിക്കുന്നു: വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ കെ ടി ജലീൽ

സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ജ്യേഷ്ഠ സഹോദരനാണ് കലഞ്ഞൂര്‍ മധു എന്ന് അറിയപ്പെടുന്ന കെ.എന്‍ മധുസൂദനന്‍. മുന്‍ പ്ലാനിംഗ് ബോര്‍ഡംഗം കെ.എന്‍ ഹരിലാല്‍ മറ്റൊരു സഹോദരനാണ്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയാണ്.

2022 നവംബര്‍ 9നാണ് കെ.എന്‍ മധുസൂദനന്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായത്. മാവനാല്‍ ഗ്രാനൈറ്റ്സിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മധുസൂദനന് ധനലക്ഷ്മി ബാങ്കില്‍ 0.19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. മാവനാല്‍ ഗ്രാനൈറ്റ്സിന് 0.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിവിധ ബിസിനസുകളില്‍ പങ്കാളിയായ മധുസൂദനന്‍ വജ്ര സാന്‍ഡ് ആന്‍ഡ് ഗ്രാനൈറ്റ് മൈനിംഗ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാവനാല്‍ ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും മാനേജിംഗ് ഡയറക്ടറാണ്. കൂടാതെ കെഎന്‍എം പ്ലാന്റേഷന്‍സ്, കെഎന്‍എം ഫാംസ് എന്നിവയുടെ ഡെസിഗ്‌നേറ്റഡ് പാര്‍ട്ണറുമാണ്.

26 വര്‍ഷത്തിലേറെയായി നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ധനലക്ഷ്മി ബാങ്കിന്റെ ഇടക്കാല ചെയര്‍മാനായിരുന്ന ജി സുബ്രഹ്മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ച ശേഷം ധനലക്ഷ്മി ബാങ്കില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button