CricketLatest NewsNewsSports

ആറാം ടി20യിൽ തകർത്തടിച്ച് ഫിലിപ്പ് സാള്‍ട്ട്: പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ലാഹോര്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് ഏഴ് മത്സര പരമ്പരയില്‍ ഒപ്പമെത്തി(3-3). ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിൽ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ(41 പന്തില്‍ 87*) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 14.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. സാള്‍ട്ടിന് പുറമെ അലക്സ് ഹെയില്‍സ്(27), ഡേവിഡ് മലന്‍(26) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബര്‍ രണ്ടിന് നടക്കും.

പാക് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. 3.5 ഓവറില്‍ ഓപ്പണര്‍മാരായ ഹെയില്‍സും സാള്‍ട്ടും ചേര്‍ന്ന് 55 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 12 പന്തില്‍ 27 റണ്‍സെടുത്ത ഹെയില്‍സിനെ ഷദാബ് ഖാന്‍ മടക്കിയെങ്കിലും സാള്‍ട്ട് 19 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. പിന്നാലെ ക്രീസിലെത്തിയ മലനും മോശമാക്കിയില്ല. 18 പന്തില്‍ 26 റണ്‍സെടുത്ത മലനെയും ഷദാബ് വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ട് പത്താം ഓവറില്‍ 128 റണ്‍സിലെത്തിയിരുന്നു.

Read Also:- ബുമ്ര പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ബാക്ക് അപ്പ് താരങ്ങൾ കൂടി

ഫിലിപ്പ് സാള്‍ട്ടിന് പിന്തുണയുമായി ബെന്‍ ഡക്കറ്റും(16 പന്തില്‍ 26*) തകര്‍ത്തടിച്ചതോടെ 33 പന്തുകൾ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 59 പന്തില്‍ 87 റണ്‍സുമായി ബാബര്‍ പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button