സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ വിടവാങ്ങി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് കോടിയേരിയുടെ അന്ത്യം. 70 വയസായിരുന്നു. സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നായിരുന്നു ജനനം.
ഒരു തവണ ആഭ്യന്തര മന്ത്രിയായും അഞ്ചു തവണ തലശ്ശേരി എം എൽ എയുമായ കോടിയേരി രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് ചുമതല ഒഴിയുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിട്ട, പാർട്ടിയിലെ സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്ന ഇദ്ദേഹം മൂന്നാമതും പാർട്ടി സെക്രട്ടറിയായി തിരിച്ചെത്തിയെങ്കിലും രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിയുകയായിരുന്നു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ സെക്രട്ടറിയായി തെരഞ്ഞെടുക്കുപ്പെട്ടു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ കോടിയേരി യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോടിയേരി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു\ച്ചു. 1980-82ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17-ആം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ആം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.
സമരങ്ങളുടെ തീച്ചൂളകൾ കടന്ന് പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവന്നതാണ് ആ ജീവിതം. വിദ്യാഭ്യാസ കാലം തൊട്ടിങ്ങോട്ട് എണ്ണമറ്റ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ലോക്കപ്പ് മർദ്ദനങ്ങൾ, തടവറവാസങ്ങൾ, തുടങ്ങി എന്തെല്ലാം. ജിവിതം തന്നെ പാർട്ടിക്കു വേണ്ടി അർപ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാർട്ടി സംഘടനയെ സദാ തയ്യാറാക്കിനിർത്തുന്നതിലുള്ള നിഷ്‌ക്കർഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയിൽ തിളങ്ങി നിന്നുവെന്ന പിണറായി വിജയന്റെ പങ്കുവച്ചത് കോടിയേരിയിലെ രാഷ്ട്രീയ മുഖത്തെ അടയാളപ്പെടുത്തുന്നു.
തലശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ
Post Your Comments