Latest NewsIndiaNews

കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, വിവിധ സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടു: റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടതിനു പിന്നിലും പിഎഫ്‌ഐ ആണെന്ന് കണ്ടെത്തിയതോടെ സംഘടന നാളുകളായി നിരീക്ഷണത്തിലായിരുന്നു.

Read Also: കളിക്കുന്നതിനിടെ തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

പൗരത്വ  ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായതോടെയാണ്, ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ശന നടപടികള്‍ക്ക് നീക്കം ത്വരിതപ്പെടുത്തിയത്. സമരങ്ങള്‍ മറയാക്കി വിവിധ സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിടാനുള്ള ശ്രമം നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആഭ്യന്തരവകുപ്പ് നിലപാട് കടുപ്പിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പിഎഫ്ഐ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന്, വിവിധ കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി കൃത്യമായ ആസൂത്രണത്തോടെ, വിവിധ സംസ്ഥാനങ്ങളില്‍ മിന്നല്‍ വേഗത്തില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിച്ചത് അമിത് ഷായുടെ മേല്‍നോട്ടത്തിലാണ്.

സിഎഎ വിരുദ്ധ സമരങ്ങള്‍ക്കു പിന്നാലെ എന്‍ഐഎ, ഇഡി, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ യോഗങ്ങള്‍ നിരന്തരം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തിയിരുന്നു. അഗോളഭീകര സംഘടനകളുമായി പിഎഫ്ഐക്കുള്ള
ബന്ധം ഉള്‍പ്പെടെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് രാജ്യത്താകെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഏജന്‍സികള്‍ രംഗത്തിറങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎഫ്ഐയുടെ ശക്തികേന്ദ്രമായ കേരളത്തില്‍ ഉള്‍പ്പെടെ മിന്നല്‍ വേഗത്തില്‍ റെയ്ഡ് നടത്തി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനു പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പിഎഫ്ഐയെ ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തില്‍ കൂടുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കേന്ദ്രവിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഐഎസ് ഉള്‍പ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തില്‍ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേല്‍പിക്കാന്‍ ശ്രമമുണ്ടാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

2010ല്‍ കേരളത്തില്‍ കൈവെട്ട് കേസ് ഉണ്ടായപ്പോള്‍ത്തന്നെ സംഘടന നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ നിയമപരമായ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ശക്തമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം മാത്രം നിരോധനത്തിലേക്കു കടന്നാല്‍ മതിയെന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button