ഹവാന: ക്യൂബയെ വിറപ്പിച്ച് ചുഴലിക്കാറ്റ്. ഇയാൻ ചുഴലിക്കാറ്റ് ക്യൂബയിൽ ഉടനീളം വ്യാപിക്കുകയും തുടർന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പുകയില ഫാമുകളിൽ ചിലത് നശിച്ചു. ക്യൂബയുടെ പടിഞ്ഞാറൻ പ്രവിശ്യകളിലെ ഏകദേശം 1 ദശലക്ഷം ആളുകൾക്ക് വൈദ്യുതി തുടക്കത്തിൽ മുടങ്ങി. രാജ്യത്തെ 11 ദശലക്ഷം ആളുകൾക്ക് രാത്രികാലങ്ങളിൽ വൈദ്യുതി സേവനം ക്രമേണ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ക്യൂബയിലെ ഇലക്ട്രിക് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്ത് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത് ക്യൂബയുടെ സമ്പത് വ്യവസ്ഥയുടെ അടിത്തറയായ പുകയില വ്യവസായത്തെയാണ്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും നശിച്ചു. ഒരു കോടിക്കുമേല്‍ ആളുകളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്. ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിക്കൂറില്‍ ഏകദേശം 209 കിലോമീറ്റര്‍ വേഗത്തിലാണ് ഇയാൻ വീശിയതെന്ന് യുഎസ് നാഷണല്‍ ഹുറികേന്‍ സെന്റര്‍ അറിയിച്ചു.
കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വീടുകളും കൃഷിയിടങ്ങളും നശിച്ചു. ആയിരക്കണക്കിനാളുകളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ക്യൂബയെ ചുഴലിക്കാറ്റ് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.
Post Your Comments