
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു.
‘നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. പുതിയ തലമുറയെ ഇത്തരം സംഘടനകള്‍ വഴിതെറ്റിക്കുന്നു. വാളെടുക്കണമെന്നു പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടേണ്ടതുണ്ട്’, – മുനീര്‍ കൂട്ടിച്ചേര്‍ത്തു.
‘സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലര്‍ ഫ്രണ്ടിന് ആരാണ് കൊടുത്തത്? അവര്‍ ഇവിടെ നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ലേ. ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള പ്രസംഗങ്ങളാണ്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്. ഇവിടുത്തെ പണ്ഡിതന്മാര്ക്ക് ഇതേക്കുറിച്ച് ധാരണയില്ലാത്തവരാണോ’.
‘എല്ലാ സംഘടനകളും തീവ്രവാദത്തെ എന്നും എതിര്‍ത്തിരുന്നവരാണ്. പെട്ടെന്നൊരു ദിവസം വന്നവര്‍ ഖുറാന് വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്ലാമിന്റെ പാതയെന്നു പറയുകയാണ്. ഏത് ഇസ്ലാമാണ് അങ്ങനൊരു മുദ്രാവാക്യം വിളിക്കാന്‍ കൊച്ചുകുട്ടികളോടു പറയുന്നത്. തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകന് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ത്ഥം സമാധാനം എന്നാണ്’.
‘ഒരു സമുദായത്തില്‍നിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. ഞങ്ങള്‍ ആ കടമ നിര്‍വഹിക്കുന്നു. ആര്‍എസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളത് ഹിന്ദു സമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാര്‍ദ്ദം. ഞങ്ങളില്‍നിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടത് ഞങ്ങള്‍ത്തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടു വരണം’ – എം.കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments