തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്ക് ഏകീകൃതമായ ചികിത്സാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നായകളിൽ നിന്നുള്ള കടിയേറ്റ് വരുന്നവരുടെ ആശങ്കയകറ്റുന്നതിന് കൗൺസിലിംഗ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേൽക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചത്. ഈ വർഷം ആഗസ്റ്റ് വരെ 1,96,616 പേർക്കാണ് നായകളുടെ കടിയേറ്റത്. അതേസമയം ഇന്ത്യയിലെ കണക്കുകളനുസരിച്ച് മരണം ഏറ്റവും കുറവ് കേരളത്തിലാണ്. പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാനായുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പേവിഷബാധ നിർമാർജനത്തിന് കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം. പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും വളരെ പ്രധാനമാണ്. മൃഗങ്ങളിൽ നിന്നും കടിയേറ്റാൽ ചെറിയ മുറിവാണെങ്കിലും 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തിൽ കഴുകണം. ഇത് വൈറസ് തലച്ചോറിൽ എത്താതെ പ്രതിരോധിക്കാനാകും. തുടർന്ന് എത്രയും വേഗം വാക്‌സിനെടുക്കണം. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും മുടക്കം കൂടാതെ വാക്‌സിൻ എടുക്കണം. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
പേവിഷബാധ പ്രതിരോധത്തിൽ വിദ്യാർത്ഥികൾ ബ്രാൻഡ് അംബാസഡർമാരാണ്. എല്ലാ വിദ്യാർത്ഥികളും പേവിഷവാധ അവബോധം പരമാവധി പേരിലെത്തിക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ, കൗൺസിലർ ജി. മാധവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ്, ഗവ. ആർട്‌സ് കോളേജ് കോ-ഓർഡിനേറ്റർ ഡോ. ഡയാന ഡേവിഡ്, കോളേജ് യൂണിയൻ ചെയർമാൻ പി. ജിഷ്ണ എന്നിവർ സംസാരിച്ചു. ഗവ. ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ എസ് ചിന്ത ബോധവത്ക്കരണ ക്ലാസ് നടത്തി.
Post Your Comments