തൃശ്ശൂര്‍: തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് രണ്ട് പാക്കറ്റ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി പിടികൂടിയ വലപ്പാട് സ്വദേശികളായ അനസ്, സാലിഹ് എന്നിവരില്‍ നിന്നാണ് ഷാനവാസിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഷാനവാസാണ് മയക്കുമരുന്ന് നല്‍കിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാനവാസിനെ വീട്ടുപരിസരത്ത് നിന്ന് പിടികൂടിയത്. അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
നാട്ടിക ബീച്ചില്‍ ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് ഷാനവാസ്. ഇയാള്‍ കാറ്ററിങ് സര്‍വീസിന്റെ മറവില്‍ ബാഗ്ലൂരില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് നാട്ടില്‍ രഹസ്യമായി വില്‍പ്പന നടത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
Post Your Comments